കോട്ടയം: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പനച്ചിക്കാട് ക്ഷേത്രത്തില്‍ ആര്‍എസ്എസ് സേവന വിഭാഗമായ സേവാഭാരതി നടത്തുന്ന ഊട്ടുപുര വീണ്ടും സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സന്ദര്ശനം. നേരത്തെ സേവാഭാരതി ഊട്ടുപുര തിരുവഞ്ചൂര്‍ സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് സിപിഎം നേതാവ് കോടിയേരി അടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍, അമ്പലത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമോ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അമ്പലത്തില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് താന്‍ അന്നദാന മണ്ഡപത്തില്‍ പോയത്. അമ്പലത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമോയെന്നും പനച്ചിക്കാട് ക്ഷേത്രത്തില്‍ എല്ലാ മതസ്ഥരും പോകാറുണ്ടെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഏത് ആര്‍എസ്എസ് നേതാവുമായാണ് താന്‍ ചര്‍ച്ച നടത്തിയതെന്ന് കൂടി കോടിയേരി പറയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.