തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ സിബി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബന്ധു റോയ്.
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ സിബി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബന്ധു റോയ്. കാർ സിബിയുടേത് തന്നെയാണെന്നും എന്നാൽ സിബിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും റോയ് വ്യക്തമാക്കി. കാർ കത്തിയുള്ള അപകടമാകാം ഉണ്ടായതെന്നും റോയ് സംശയമുന്നയിക്കുന്നു. ഒരുപാട് കാലപ്പഴക്കം ഉള്ള കാറാണ് സിബി ഉപയോഗിച്ചിരുന്നത്. ഒരുപക്ഷേ കാറിൽ നിന്ന് തീ ഉയർന്നപ്പോൾ ഒതുക്കി നിർത്തിയതാകാമെന്നും റോയ് പറഞ്ഞു.
വീട്ടിൽ നിന്ന് രാവിലെ സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബി. റബർ തോട്ടത്തിനുള്ളിൽ കാർ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തിരിച്ചറിയാൻ പറ്റാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അതേ സമയം എങ്ങനെയാണ് തീ പിടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
