വെന്‍റിലേറ്റർ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാലും മറ്റ് അവയവങ്ങള്‍ പ്രവർത്തിക്കുന്ന സാഹചര്യത്തില്‍ വെന്‍റിലേറ്റർ മാറ്റില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനിലയിൽ പുരോഗതിയില്ല. മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്. വെന്‍റിലേറ്റർ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാലും മറ്റു അവയവങ്ങള്‍ പ്രവർത്തിക്കുന്ന സാഹചര്യത്തില്‍ വെന്‍റിലേറ്റർ മാറ്റില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുട്ടിയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.
അതേസമയം, ഏഴ് വയസുകാരനെ മൃഗീയമായി മര്‍ദ്ദിക്കുകയും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്ത പ്രതി അരുൺ ആനന്ദിനെതിരെ പോക്സോ ചുമത്തി. ഇളയകുട്ടിയെ മർദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നതും പരിഗണനയിലാണ്. ക്രൂരമായ മർദ്ദിച്ചതിന് പുറമേ ഏഴ് വയസ്സുകാരനെ അരുൺ പല തവണ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുട്ടിയെ അരുൺ നിരന്തരം മർദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
അരുണിന്‍റെ ക്രിമിനൽ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോൾ അരുണിന്‍റെ കാറിൽ മദ്യകുപ്പികൾക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. കാറിന്‍റെ ഡിക്കിയിൽ നിന്ന് രണ്ട് പ്രഷർ കുക്കറുകൾ, സിഗരറ്റ് ലാംപ്, ഒരു ബക്കറ്റ് എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങൾക്ക് സമാനമായ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നു. അരുൺ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
