ഇടുക്കി: ലോക്ക് ഡൗണിൽ ഭക്ഷണശാലകൾ അടച്ചതോടെ തൊടുപുഴയിൽ നിരാലംബർക്ക് ഉച്ചഭക്ഷണം നൽകി ഡിവൈഎഫ്ഐ. നഗരത്തിൽ അലയുന്നവർക്കും ജില്ലാ ആശുപത്രിയിലേക്കുമായി 150 പൊതിച്ചോറാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തയ്യാറാക്കി നൽകിയത്.

ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ തൊടുപുഴ നഗരത്തിലെ ആരോരുമില്ലാത്തവർ ഭക്ഷണമില്ലാതെ പ്രതിസന്ധിയിലാണ്. കടകൾ തുറക്കാതായതോടെ എവിടെ നിന്നും ഭക്ഷണം കിട്ടാത്ത സ്ഥിതിയായി. ഇവർക്ക് ആശ്വാസമാവുകയാണ് ഡിവൈഎഫ്ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റി. ഉണ്ടപ്ലാവിലെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണമാണ് നൽകുന്നത്. ചോറിനൊപ്പം ഉള്ളിക്കറി, തക്കാളിക്കറി, തോരൻ അടങ്ങിയതാണ് പൊതിച്ചോർ.

ജില്ലാ ആശുപത്രിയിലും ഇവർ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്. ഹോട്ടലുകൾ ഇല്ലാത്തതിനാൽ ആശുപത്രി ജോലിക്കാരും രോഗികൾക്ക് കൂട്ടിരിക്കുന്നവരും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. ആവശ്യക്കാർക്ക് രാത്രിഭക്ഷണത്തിനായും പൊതിച്ചോർ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിൽ അലയുന്നവരുടെ കണക്കെടുത്ത് പൊതിച്ചോ‍‌ർ വിതരണം ക്രമീകരിക്കാനാണ് ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ തീരുമാനം.