തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനു ഈ പ്രളയത്തിന്‍റെ കണ്ണീരോർമ്മയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്ന അസംഖ്യം ചെറുപ്പക്കാർക്ക് ഊർജം പകരുന്ന ജീവത്യാഗമാണ് അദ്ദേഹത്തിന്‍റേത്.

സഹജീവികൾക്കുവേണ്ടിയാണ് ലിനു ജീവൻ വെടിഞ്ഞതെന്നും ലിനുവിന് ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതായും  തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോഴാണ് കോഴിക്കോട്‌ ചെറുവണ്ണൂര്‍ സ്വദേശി ലിനു രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്‌.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

ഈ പ്രളയത്തിൻ്റെ കണ്ണീരോർമ്മയാണ് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനു എന്ന യുവാവ്. മാതാപിതാക്കളെ ക്യാമ്പിലെത്തിച്ച ശേഷം, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനിറങ്ങിയതാണ് ലിനു. പക്ഷേ, തിരികെ ക്യാമ്പിലെത്തിയത് ലിനുവിന്റെ ചേതനയറ്റ ശരീരം. സഹജീവികൾക്കുവേണ്ടിയാണ് ലിനു ജീവൻ വെടിഞ്ഞത്. ദുരന്തമുഖത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്ന അസംഖ്യം ചെറുപ്പക്കാർക്ക് ഊർജം പകരുന്ന ജീവത്യാഗം.

ലിനുവിന് ആദരാഞ്ജലികൾ. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.