Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവളം: ബിജെപിക്കാരുടെ പിന്തുണ ഭൂഷണമോ എന്ന് തരൂര്‍ ചിന്തിക്കണമെന്ന് തോമസ് ഐസക്ക്

''മോദിയുടെ ശിങ്കിടിയായാൽ കുഴപ്പം, നിങ്ങളുടെ ശിങ്കിടിയാണെങ്കിൽ കുഴപ്പമില്ലേ എന്നൊരു ചോദ്യം ട്വിറ്ററിൽ അദ്ദേഹം എന്നോടു ചോദിച്ചതും ഓർക്കുന്നു''

Thomas Isaac facebbok criticise sashi tharoor
Author
Thiruvananthapuram, First Published Sep 14, 2020, 12:01 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താനവളം സ്വകാര്യവത്കരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്ന ശശി തരൂരിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്.  തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്കു പതിച്ചുകൊടുക്കാൻ എന്റെ മുൻപോസ്റ്റിനു കീഴിൽ ഒത്തിരിപ്പേർ തിരക്കുകൂട്ടുന്നുണ്ട്. ഭൂരിപക്ഷവും ബിജെപിക്കാർ തന്നെ. ഇത്തരക്കാരുടെ പിന്തുണ തനിക്കു ഭൂഷണമാണോ എന്ന് തരൂർ ചിന്തിക്കുമെന്ന് കരുതട്ടെയെന്ന് ഐസക് പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്കിന്‍‌റെ വിമര്‍ശനം. ഇവരെ കൂടാതെ പുതിയ കുറെ പ്രൊഫൈലുകളുമുണ്ട്. പിആർ വർക്കാണെന്ന് വ്യക്തം. പിന്നെ കുറച്ചു കോൺഗ്രസ് അനുഭാവികളും. ഏറെയും കേരളത്തിന്റെ പാരമ്പര്യങ്ങളോട് പുച്ഛവും. കോർപറേറ്റ് ആദരവിന്റെ പാരമ്യതയിലാണ് ഭൂരിപക്ഷവും വിഹരിക്കുന്നത്. കൊള്ളാം. എല്ലാവരുടെയും പ്രധാന പോയിന്റുകൾ ഇവയാണ്. നിങ്ങൾ തന്നെ കൊച്ചിയിലെയും കണ്ണൂരെയും വിമാനത്താവളങ്ങളുടെ ഭൂരിപക്ഷം ഓഹരികളും വിറ്റു തുലച്ചില്ലേ. ഇതല്ലേ തിരുവനന്തപുരത്തും ചെയ്യാൻ പോകുന്നത്. പിന്നെ പൊതുമേഖലയ്ക്കുവേണ്ടി വാദിക്കുന്നതിലെന്തർത്ഥം? അദാനിയുടെ പിപിപി ആയാൽ എന്താണ് കുഴപ്പം? അങ്ങനെ നീളുന്നു, പ്രധാന ചോദ്യങ്ങൾ.

തരൂർ തന്നെയും ഇങ്ങനെയൊരു വാദക്കാരനായിരുന്നു. മോദിയുടെ ശിങ്കിടിയായാൽ കുഴപ്പം, നിങ്ങളുടെ ശിങ്കിടിയാണെങ്കിൽ കുഴപ്പമില്ലേ എന്നൊരു ചോദ്യം ട്വിറ്ററിൽ അദ്ദേഹം എന്നോടു ചോദിച്ചതും ഓർക്കുന്നു. എന്നെ ഏറെ അത്ഭുതപ്പെടുത്തിയ വാദമായിരുന്നു അതെന്ന് ഐസക്ക് പറയുന്നു. കേരളത്തിലെ വിമാനത്താവള നടത്തിപ്പ് കേരള സർക്കാരിന്റെ പൊതുമേഖലയിൽ വേണമെന്നല്ല നിലപാട്. കേരളത്തിന്റെ നിയന്ത്രണത്തിൽ സംയുക്ത സ്വകാര്യ സംരംഭമായി നടത്തണമെന്നുള്ളതാണ്. ഇതാണ് ശ്രീ തരൂർ, നിങ്ങളുടെ പാർടിയുടെയും നിലപാട്. അത്തരമൊരു വിജയമോഡലാണ് സിയാൽ. ഇതേ മാതൃകയാണ് കിയാലിലും. ഇതു തന്നെയായിരിക്കും ടിയാലിലും.

ഇതും അദാനിയുടെ പിപിപി മോഡലും തമ്മിലുള്ള വ്യത്യാസമെന്താണ്? അദാനി മോഡലിൽ പൊതുസ്വത്ത് 90 വർഷത്തേയ്ക്ക് പാട്ടത്തിന് – അതായത് ശാശ്വതമായി – ചെറിയ തുകയ്ക്ക് വിട്ടുകൊടുക്കുന്നു. പൊതുസ്വത്ത് പിൻവാതിലിലൂടെ ശിങ്കിടികൾക്ക് ചുളുവിലയ്ക്കു കൈമാറുന്ന പരിപാടിയാണിത്. സിയാൽ - കിയാൽ മോഡലിലും സ്വകാര്യ സംരംഭകരുണ്ടാകും. വിമാനത്താവളം അവർക്കു കൂടി പങ്കാളിത്തമുള്ള കമ്പനിയുടെ സ്വത്താണ്. പക്ഷേ, കമ്പനിയുടെ ഉടമസ്ഥതയിൽ ഭൂരിപക്ഷമില്ലെങ്കിലും നടത്തിപ്പിൽ നിർണായക നിയന്ത്രണം സർക്കാരിനുണ്ടാകും. അധികഭൂമിയ്ക്കും മറ്റുമായി സർക്കാർ മുടക്കുന്ന പണം സർക്കാരിന്റെ ഓഹരിയായി കണക്കാക്കും.

അപ്പോൾ ചോദ്യമിതാണ്. കേരളത്തിന്റെ ഭൂമി അദാനിയ്ക്ക് ചുളുവിലയ്ക്ക് കൊടുക്കണമെന്ന് നിങ്ങൾക്കിത്ര വാശിയെന്താണ്? തരൂർ പരാമർശിക്കുന്ന മോദിയുടെ ശിങ്കിടികളും നമ്മുടെ മലയാളി മുതലാളിമാരും തമ്മിലുള്ള വ്യത്യാസമെന്ത് എന്നതാണ്. ഒന്നു മനസിലാക്കുക. അദാനിയുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ പ്രവാസി നിക്ഷേപകരും സംരംഭകരും എത്രയോ ചെറിയവരാണ്. പക്ഷേ, അവർക്കൊരു പ്രത്യേകതയുണ്ട്. നാടിനോട് അവർക്ക് ജൈവബന്ധമുണ്ട്. പ്രവാസി ചൈനാക്കാർക്ക് ചൈനയോടും ഗുജറാത്തി പ്രവാസികൾക്ക് ഗുജറാത്തിനോടും ഉള്ളതുപോലൊരു ജൈവബന്ധം. അവരവരുടെ നാടിന്റെ വികസനത്തിനെ അവരെയെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരളവും അതാണ് ചെയ്യേണ്ടത്.

എന്റെ പോസ്റ്റിനു കീഴെ അദാനിയ്ക്കു വേണ്ടി കാമ്പയിൻ നടത്തുന്നവർക്ക് ഇതു മനസിലാകണമെന്നില്ല. പക്ഷേ, തരൂരിനെപ്പോലൊരാൾ അങ്ങനെയല്ലല്ലോ. പ്രൊഫസർ അമിയ കുമാർ ബാഗ്ചിയുടെ പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് ഇൻ ഇന്ത്യ എന്ന വിശ്രുതഗ്രന്ഥം അദ്ദേഹം വായിക്കാതിരിക്കാൻ വഴിയില്ല. സ്വതന്ത്രഭാരതത്തിൽ കിഴക്കേ ഇന്ത്യ എന്തുകൊണ്ട് നിക്ഷേപത്തിന്റെ കാര്യത്തിൽ പിന്നോട്ടു പോയി, പടിഞ്ഞാറേ ഇന്ത്യ എന്തുകൊണ്ട് കുതിച്ചു കയറി എന്നു വിശദമായി പരിശോധിക്കുന്നുണ്ട്.

കൊളോണിയൽ കാലത്ത് ഈ പ്രദേശങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന സംരംഭകരുടെ മനോഭാവത്തെ അടിസ്ഥാനമാക്കിയാണ് പ്രൊഫ. അമിയ കുമാർ ഈ പ്രശ്നം വിശദീകരിക്കുന്നത്. സംരംഭകർക്ക് തങ്ങളുടെ പ്രദേശവുമായി ഉണ്ടായിരുന്ന ജൈവബന്ധമാണ് നിക്ഷേപത്തിന്റെ കുറവിനും കുതിച്ചുകയറ്റത്തിനും കാരണമായത്. കിഴക്കേ ഇന്ത്യയിലെ മാർവാറി മൂലധനം അവിടെ നിന്ന് പിൻവാങ്ങി. എന്നാൽ പടിഞ്ഞാറേ ഇന്ത്യയിൽ പാഴ്സി തുടങ്ങിയ സംരംഭക കുടുംബങ്ങൾ നാടുമായുള്ള ബന്ധം സ്വതന്ത്ര്യ ഇന്ത്യയിൽ കൂടുതൽ ഊട്ടിയുറപ്പിക്കുകയാണുണ്ടായത്.

ദില്ലി പഞ്ചാബ് വ്യവസായ കോറിഡോറിലെ ചെറുകിട സംരംഭകരെക്കുറിച്ചുള്ള പ്രൊഫ. കൃഷ്ണ ഭരദ്വാജിന്റെ പ്രബന്ധവും പ്രസക്തമാണ്. ഈ പഠനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ തമിഴ് സംരംഭകത്വവും നാടൻ സംരംഭകത്വവും താരതമ്യം ചെയ്യുന്ന ഒരു ചെറു പഠനം മൈക്കൽ തരകനും ഞാനും ചേർന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ട്, നമ്മുടെ നാട്ടിലെ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്ന ഇടതുപക്ഷ സർക്കാരിന്റെ നയം ശിങ്കിടി മുതലാളിത്തത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. സുചിന്തിതമായ ഒരു വികസനനയത്തിന്റെ ഭാഗമാണ്.

കോർപറേറ്റ് ഹാഷ്പുഷ് കക്ഷികളോട് ഒരു വാക്ക്. നമ്മുടെ നാട്ടിൽ അഴിമതിക്കാരൊന്നും ഇല്ലാതായിട്ടില്ല. ശരിയാണ്. അതൊക്കെ തുറന്നു കാണിക്കുകയും വേണം. പക്ഷേ, ദയവായി കുത്തകകളെ സത്യസന്ധതയുടെയും കാര്യക്ഷമതയുടെയും അവതാരപുരുഷന്മാരാക്കാനുള്ള ശ്രമം കടുത്തുപോയി. അവർ നടത്തിക്കൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ളകളൊന്നും നിങ്ങൾ കണ്ണടച്ചാൽ ഇരുട്ടിലായിപ്പോകുന്നതല്ല. മോദി ഭരണത്തിൽ മാത്രം ബാങ്കുകളിൽനിന്ന് കവർന്നത് 5 ലക്ഷം കോടി രൂപയാണ്. പണം കട്ട് നാടുംവിട്ടോടിയവർ ഇപ്പോഴും പരദേശത്ത് സുഖമായി വാഴുന്നുണ്ട്.

വിസ്തരഭയത്താൽ കൂടുതൽ വർണിക്കുന്നില്ല. കോർപറേറ്റ് പ്രേമികളായ കമന്റെഴുത്തുകാരോട് ഒരുപദേശമേയുള്ളൂ. ഇന്ത്യയിലെ ശിങ്കിടി മുതലാളിത്തത്തെയും അവർ നടത്തുന്ന ഭീമമായ അഴിമതിയെയും കുറിച്ച് ധാരാളം പ്രതിപാദനങ്ങൾ ഇന്റർനെറ്റിൽ വായിക്കാൻ കിട്ടും. തിരയാൻ സമയമില്ലെങ്കിൽ ഞാൻ തന്നെ എഴുതിയ ലേഖനങ്ങളുടെ ലിങ്ക് താഴെ കമന്റിൽ കൊടുക്കുന്നു. അദാനിയും റിലയൻസും റെഡ്ഡി സഹോദരങ്ങളുമൊക്കെ നടത്തിയ പൊതുസ്വത്ത് കൊള്ളയുടെ പ്രതിപാദനങ്ങൾ. കോർപറേറ്റുകൾ ഭരണാധികാരികളുടെ ശിങ്കിടികളാണോ, അതോ മറിച്ചാണോ എന്ന് സംശയിച്ചുപോകുന്ന ചുളുവിൽപനകളുടെയും കൊടുംകൊള്ളകളുടെയും നേർചിത്രങ്ങൾ.

അതിഭീമമായ കോർപറേറ്റ് അഴിമതിയെയും പൊതുസ്വത്തിന്റെ കുത്തിക്കവർച്ചയെയും കുറിച്ചുകൂടി നാലക്ഷരമെഴുതി പ്രതികരിക്കാൻ കനിവുണ്ടാകണം എന്നേ മേപ്പടി കമന്റെഴുത്തുകാരോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളൂ. വല്ലതുമൊക്കെ വായിച്ച് പഠിച്ച് നാലക്ഷരം എഴുതാൻ ശ്രമിക്കുന്നതുകൊണ്ട് നല്ലതേ വരൂ- തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios