Asianet News MalayalamAsianet News Malayalam

കിഫ്ബി: ധനമന്ത്രിയുടെ വാദം തെറ്റ്, എക്സിറ്റ് യോഗത്തിന്‍റെ മിനുട്സ് സർക്കാരിന് അയച്ചെന്ന് രേഖ

കിഫ്ബിയെ കുറിച്ചു പരിശോധിച്ച സിഎജി എക്സിറ്റ് റിപ്പോർട്ട് നൽകിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തുടക്കം മുതൽ ഉന്നയിച്ചത്.

thomas isaac kiifb cag exit meeting
Author
Thiruvananthapuram, First Published Feb 26, 2021, 10:24 AM IST

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് എക്സിറ്റ് മീറ്റിംഗ് മിനുട്ട്സ് സിഎജി സർക്കാറിന് അയച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് രേഖകൾ. ധനകാര്യവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന്റെ മിനുട്സ് സർക്കാറിന് അയച്ചെന്ന് വിവരാവകാശ നിയമപ്രകാരം സിഎജി ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു. അതേ സമയം മിനുട്ട്സ് ഒപ്പിട്ട് സർക്കാർ തിരിച്ചയച്ചില്ലെന്നും സിഎജി വ്യക്തമാക്കി.

കരട് റിപ്പോർട്ട് തയ്യാറാക്കി അന്തിമ റിപ്പോർട്ടിന് തൊട്ടുമുമ്പാണ് സർക്കാർ പ്രതിനിധികളും സിഎജി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന എക്സിറ്റ് മീറ്റിംഗ്. മീറ്റിംഗ് മിനുട്ട്സ് പിന്നാലെ സർക്കാറിന് അയക്കും. സർക്കാർ പരിശോധിച്ച് ഒപ്പിട്ട് തിരിച്ചു നൽകും. എന്നാൽ കിഫ്ബിയെ കുറിച്ചു പരിശോധിച്ച സിഎജി എക്സിറ്റ് റിപ്പോർട്ട് നൽകിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തുടക്കം മുതൽ ഉന്നയിച്ചത്.

സിഎജി റിപ്പോർട്ടിന്മേലുള്ള അടിയന്തിരപ്രമേയ ചർച്ചക്കിടെ മിനുട്ട്സ് അയച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ കാണിക്കാൻ ഐസക് വെല്ലുവിളിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ഏഷ്യാനെറ്റ് ന്യൂസ് ചോദിച്ച ചോദ്യങ്ങൾക്ക് സിഎജി നൽകിയ മറുപടി ധനമന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നതാണ്.  22-6-2020 ന് എക്സിറ്റ് മീറ്റിംഗ് ചേർന്നു. എജി എടക്കം എജീസ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥരും ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറിയും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറും അടക്കം സർക്കാർ പ്രതിനിധികൾ നാലുപേരും പങ്കെടുത്തു. 1-7-2020 ന് എക്സിറ്റ് മീറ്റിംഗിന്റെ മിനുട്ട്സ് സർക്കാറിന് അയച്ചു. ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറിക്കാണ് അയച്ചത്. പക്ഷെ മിനുട്ടസ് ഒപ്പിട്ട് സർക്കാർ തിരിച്ചുനൽകിയില്ല. ഒന്നും അറിയിക്കാതെ ഏകപക്ഷീയമായി റിപ്പോ‍ർട്ട് തയ്യാറാക്കിയെന്നായിരുന്നു സർക്കാറിന്റെ ഇതുവരെയുള്ള ആരോപണം. രേഖകൾ പുറത്ത് വന്നപ്പോൾ കിഫ്ബി വിവാദത്തിൽ ധനമന്ത്രിയും സർക്കാറും വെട്ടിലായി. 

 

Follow Us:
Download App:
  • android
  • ios