തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നുവെന്ന ആരോപണം തെറ്റെന്ന് ധനമന്ത്രി. നേരത്തെ വാങ്ങിയ വാഹനങ്ങളുടെ പട്ടികയാണ് അംഗീകാരത്തിനായി ഉപധനാഭ്യർത്ഥനയിലൂടെ നിയമസഭയിൽ സമർപ്പിച്ചത്. വാടകയ്ക്ക് വാഹനം വാങ്ങാനുളള തീരുമാനം ആർക്കൊക്കെ ബാധകമാകുമെന്ന കാര്യത്തിലും എത്ര വാഹനങ്ങൾ വാങ്ങാം എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ചെലവ് ചുരുക്കുമെന്ന് പറഞ്ഞ അതേ ബജറ്റ് ദിനം തന്നെ എട്ട് പുതിയ കാറുകൾ വാങ്ങാനുള്ള ഉപ ധനാഭ്യർത്ഥന നിയമസഭയിൽ വച്ചത് ഏറെ വിവാദമായിരുന്നു. വിവിധ വകുപ്പുകൾക്കായി എട്ട് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള ഉപ ധനാഭ്യർത്ഥനയാണ് നിയമസഭയിൽ വച്ചത്. ഇതിലൊരു കാർ ദില്ലിയിലെ സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി എ സമ്പത്തിനാണ്.

ദില്ലി കേരള ഹൗസ്, ജിഎസ്‍ടി കമ്മീഷണർ, ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണർ, പൊതുമരാമത്ത് കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനിയർ, സയൻസ് ആന്‍റ് ടെക്നോളജി വൈസ് പ്രസിഡന്‍റ്, അർബണ്‍ അഫയേഴ്സ് ഡയറക്ടർ, ആലപ്പുഴ വ്യവസായ ട്രൈബ്യൂണൽ, തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ എന്നിങ്ങനെ എട്ടു വാഹനങ്ങളാണ് വാങ്ങുന്നത്. ഏതു തരത്തിലുള്ള വാഹനമാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കുന്നില്ല. ടോക്കണ്‍ അഡ്വാൻസാണ് അനുവദിച്ചിരിക്കുന്നത്.