തിരുവനന്തപുരം: കൊവിഡ് മൂലം രാജ്യത്താകമാനം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര നിലപാട് സ്വാഗതം ചെയ്ത് തോമസ് ഐസക്. അതേസമയം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തത് ഖേദകരമാണെന്നും ധനമന്ത്രി പറഞ്ഞു.

ഒരു വർഷത്തേക്ക് വായ്പകൾക്ക് മൊറാട്ടോറിയം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാർവത്രിക പെൻഷൻ പദ്ധതി പ്രഖ്യാപിക്കണം. 7500 രൂപയെങ്കിലും എല്ല കുടുംബങ്ങൾക്കും നൽകണം. ജനങ്ങൾക്ക് പണം എത്തിക്കുന്നതിൽ പ്രശ്നം ഉണ്ടാകുമെന്നു തോന്നുന്നു. സാമ്പത്തിക പാക്കേജ് ഈ ഘട്ടത്തിൽ സഹായകരമായിട്ടുള്ള കാര്യമാണ്.

കാർഷിക വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം. പലിശ പൂർണ്ണമായും കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. സംസ്ഥാനങ്ങൾക്ക് പണവും അർഹമായ അംഗീകാരവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ജിഡിപിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ആത്മ നിർഭര ഭാരത് അഭിയാൻ എന്നാണ് ഈ സാമ്പത്തിക പാക്കേജിന് പേരിട്ടത്. സ്വയംപര്യാപ്തതയുടെ ഈ പദ്ധതി 130 കോടി ഇന്ത്യക്കാരുടെ ജീവനാണ്. ഇത് പുതിയ കാലഘട്ടത്തിന്‍റെ തുടക്കമാണ്. പുതിയ ഈ പദ്ധതിയുടെ ചുമലിലേറി മുന്നോട്ട് പോകാമെന്നും മോദി പറഞ്ഞു.

രാജ്യത്തെ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ നിലനിർത്താൻ പരിശ്രമിക്കുന്ന ഓരോ പൗരനും, മധ്യവർഗക്കാർക്കും ഉദ്യോഗസ്ഥർക്കും അങ്ങനെ രാജ്യത്തെ എല്ലാ സത്യസന്ധരായ പൗരൻമാർക്കുമുള്ളതാണ് ഈ പാക്കേജെന്നും പ്രധാനമന്ത്രി പറഞ്ഞു.