തിരുവനന്തപുരം: കിഫ്ബി ഓഡിറ്റിൽ സിഎജി തയാറാക്കിയ കരട് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ചു ധനമന്ത്രി തോമസ് ഐസക്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന സിഎജിയുടെ കരട് റിപ്പോർട്ട് പരാമർശം അട്ടിമറിയാണെന്നും, കിഫ്ബിയെ തകർക്കാൻ ബിജെപിയും  കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ നേരിടുന്നതിന് സമാനമായി സിഎജി നീക്കത്തെയും പ്രതിരോധിക്കാനാണ് സർക്കാർ നീക്കം.

കിഫ്ബി വായ്പകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പരാമർശങ്ങളുള്ള സിഎജിയുടെ ഓഡിറ്റ് കരട് റിപ്പോർട്ട് നിയമസഭയ്ക്കും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കും മുന്നിൽ എത്തുന്നതിനും മുന്നേ കടന്നാക്രമിച്ചാണ് പ്രതിരോധിക്കാനുള്ള സർക്കാർ നീക്കം. കിഫ്ബി വായ്പകൾ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമുള്ള കണ്ടെത്തലുകൾ ഓഡിറ്റ് വേളയിൽ ഒരിക്കൽപ്പോലും ഉന്നയിക്കപ്പെടാത്തതാണെന്നും റിപ്പോർട്ടിൽ ഇവ ഇടംപിടിച്ചത് ഗൂഢാലോചനയാണെന്നുമാണ് സർക്കാർ വാദം. 

മുൻ വർഷങ്ങളിലൊന്നുമില്ലാത്ത കണ്ടെത്തലുകളിലും, ഇതേ വിഷയമുന്നയിച്ച് സ്വദേശി ജാഗരൺ മഞ്ച്  ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ഗൂഢാലോചന നടന്നു. ബിജെപി നേതാവിന് വേണ്ടി ഹാജരായത് കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനാണെന്നും, തൃശൂരിൽ വെച്ച് കൂടിയാലോചന നടത്തിയവരെക്കുറിച്ചറിയാം എന്നും തുറന്നടിച്ചാണ് പ്രതിരോധിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം.

കിഫ്ബി സർക്കാരല്ല, കോർപ്പറേറ്റ് ബോഡിയാണെന്നും, അതികൊണ്ട് വായ്പയുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ബാധകമല്ല എന്നും സർക്കാർ വിശദീകരിക്കുന്നു. ലൈഫ്, കെഫോൺ അടക്കമുള്ള പദ്ധതികളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന് സമാനമായി കിഫ്ബിക്കതിരായ സിഎജി നീക്കത്തെയും പ്രതിരോധിക്കാനാണ് ഒരുങ്ങുന്നത്. 

വാർത്താ സമ്മേളനം തത്സമയം കാണാം.