തണ്ണീര്‍മുക്കം: കൊവിഡ് 19 വൈറസ് ബാധ തടയാന്‍ നിര്‍ദേശിക്കുന്ന പ്രാഥമിക കാര്യങ്ങളിലുള്ളതാണ് സാമൂഹ്യ അകലം പാലിക്കലും മാസ്കും സാനിറ്റൈസറും. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാനുള്ള തണ്ണീര്‍മുക്കം പഞ്ചായത്തിന്‍റെ കുട മോഡലിനേക്കുറിച്ചാണ് ധനമന്ത്രി തോമസ് ഐസക്കിന് പറയാനുള്ളത്. കൊവിഡ് ഹോട്ട് സ്പോട്ടായിരുന്ന തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ജാഗ്രത കര്‍ശനമാക്കാനാണ് ഇത്തരമൊരു മാര്‍ഗം അവലംബിച്ചതെന്ന് തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒരു വലിയ കുടയുടെ പകുതി ഏതാണ്ട് അരമീറ്റർ വീതി വരും ഇത്തരത്തില്‍ പുറത്തിറങ്ങുന്നവരെല്ലാം കുട ചൂടുന്നതോടെ സാമൂഹ്യ അകലം പാലിക്കാനാവുമെന്നാണ് കണ്ടാണ് തണ്ണീര്‍മുക്കം പഞ്ചായത്ത് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് തോമസ് ഐസക് പറയുന്നത്. 

തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


കൊവിഡിനെ പ്രതിരോധിക്കാൻ കുടയോ? മാസ്കിനും സാനിട്ടൈസറിനുമൊപ്പം കുടയുമാകാം എന്നാണ് തണ്ണീർമുക്കം പഞ്ചായത്ത് പറയുന്നത്.

തണ്ണീർമുക്കം പഞ്ചായത്ത് ഒരു കൊവിഡ് ഹോട്ട് സ്പോട്ടായിരുന്നു. ഇപ്പോഴത് പിൻവലിച്ചിട്ടുണ്ട്. പക്ഷെ, വലിയ ജാഗ്രത പുലർത്താൻ തന്നെയാണ് പഞ്ചായത്തിന്റെ തീരുമാനം. പ്രായംചെന്നവരും രോഗികളും വീട്ടിൽ തന്നെ ഇരിക്കണം. മറ്റുള്ളവർക്ക് പുറത്തിറങ്ങാം. പക്ഷെ, ആര് പുറത്തിറങ്ങിയാലും ശാരീരിക അകലം പാലിച്ചേപറ്റൂ. അത് ഉറപ്പുവരുത്താനുള്ള ഒരു എളുപ്പ മാർഗ്ഗമെന്ത്?

എല്ലാവരും കുടചൂടി മാത്രം പുറത്തിറങ്ങിയാൽ ഇതിന് പരിഹാരമാകുമെന്നാണ് തണ്ണീർമുക്കത്തുകാർ പറയുന്നത്. ഒരു വലിയ കുടയുടെ പകുതി ഏതാണ്ട് അരമീറ്റർ വീതി വരുമല്ലോ. എല്ലാവരും കുടചൂടി നിന്നാൽ ആളുകൾ തമ്മിൽ തമ്മിൽ ഒരു മീറ്റർ അകലത്തിലേ നിൽക്കാൻ പറ്റൂ. കുടകൾ കൂട്ടിമുട്ടാൻ പാടില്ലെന്നു നിർബന്ധം. മാസ്കും ധരിച്ചിരിക്കണം. പഞ്ചായത്ത് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുകയാണ്.

കേരളത്തിൽ എല്ലാ വീടുകളിലും ഒരു കുടയെങ്കിലും ഉണ്ടാകും. മഴക്കാലം വരികയല്ലേ അഡ്വാൻസായി എല്ലാവരും ഒരു കുടകൂടി വാങ്ങട്ടെ. കുടുംബശ്രീയുടെ മാരികുട ഹോൾസെയിൽ വിലയ്ക്ക് ലഭ്യമാക്കും. പഞ്ചായത്ത് 20 ശതമാനം സബ്സിഡി നൽകും. വാങ്ങുന്നവർ കുടുംബശ്രീ വഴി ആഴ്ചയിൽ 10 രൂപ വച്ച് അടച്ചുതീർത്താൽ മതി. ഒരു നിവർത്തിയും ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങളുണ്ടലോ. അവർക്ക് വില കുറച്ചു കൊടുക്കാൻ സ്പോൺസർമാരെയും കണ്ടെത്തി. അങ്ങനെ അന്ത്യോദയ, ആശ്രയ കുടുംബങ്ങൾക്ക് വളരെ കുറഞ്ഞ വിലയ്ക്കും ബിപിഎൽ കുടുംബങ്ങൾക്ക് സബ്സിഡിയോടുകൂടിയും കൊടുക്കാൻ തീരുമാനിച്ചു. 12000 കുടകൾ വിതരണം ചെയ്യാനാണ് പ്രോജക്ട്. തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പദ്ധതി ഉദ്ഘാടനം ചെയ്തു.