പാര്‍ട്ടിക്കുള്ളില്‍ മൂന്നേമുക്കാല്‍ വര്‍ഷം ഇതിനായി പലതരം ചരടുവലികൾ നടത്തി. പാര്‍ട്ടിയിലെ സ്വാധീനക്കുറവില്‍ ആ നീക്കം പാളി

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎല്‍എ എന്‍സിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍. മന്ത്രി എ കെ ശശീന്ദ്രന്‍റെ പിന്തുണയോടെയാണ് പി സി ചാക്കോയെ രാജിവെപ്പിച്ച് പാര്‍ട്ടി തലപ്പത്ത് തോമസ് എത്തുന്നത്. പി എം സുരേഷ് ബാബുവും പി കെ രാജനുമാണ് പുതിയ വര്‍ക്കിങ് പ്രസിഡന്‍റുമാര്‍. ഹ്രസ്വമായ രാഷ്ട്രീയ കാലം കൊണ്ടാണ് പരമാവധി ദൂരത്തേക്ക് കുട്ടനാട്ടുകാരനായ തോമസ് കെ തോമസ് തുഴഞ്ഞെത്തുന്നത്. സഹോദരനായ തോമസ് ചാണ്ടിയുടെ പിന്‍ഗാമിയായി അതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെ മനസില്‍ ആദ്യം മൊട്ടിട്ടത് മന്ത്രിക്കുപ്പായമാണ്.

പാര്‍ട്ടിക്കുള്ളില്‍ മൂന്നേമുക്കാല്‍ വര്‍ഷം ഇതിനായി പലതരം ചരടുവലികൾ നടത്തി. പാര്‍ട്ടിയിലെ സ്വാധീനക്കുറവില്‍ ആ നീക്കം പാളി. എ കെ ശശീന്ദ്രനെ താഴെയിറക്കാന്‍ പി സി ചാക്കോയുമൊത്ത് പാര്‍ട്ടിക്കുള്ളില്‍ പരസ്യകലാപം തുടര്‍ന്നു. ഒടുവിൽ ശശീന്ദ്രന്‍റെ ചാണക്യതന്ത്രത്തില്‍ തോമസ് കൂറുമാറി. പി സി ചാക്കോയെ പുകച്ചുചാടിച്ചാണ് പ്രസിഡന്‍റ് കസേര തോമസ് കെ തോമസിന് നല്‍കുന്നത്. പാര്‍ട്ടിയെ ഒറ്റകെട്ടായി കൊണ്ടുപോകുമെന്നാണ് പുതിയ അധ്യക്ഷന്‍റെ പ്രതികരണം.

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ച പി എം സുരേഷ് ബാബുവും പി കെ രാജനും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റുമാരാകും. സുരേഷ് ബാബു ചാക്കോയും വിശ്വസ്തൻ. രണ്ടാം വർക്കിംഗ് പ്രസിഡന്‍റ് രാജൻ മാസ്റ്റർ ശശീന്ദ്രന്‍റെ വലംകൈ. സംസ്ഥാന എൻസിപിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. പക്ഷേ മുറിവേറ്റ ചാക്കോയുടെ അടുത്ത നീക്കങ്ങൾ പ്രധാനം. 

കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ചർച്ചയിലും അദ്ദേഹം പ്രതികരിച്ചു. അത്തരം ചർച്ചകൾ ഒക്കെ മുന്നണിയിൽ ആണ് ഉണ്ടാവുക. മുഖ്യമന്ത്രിയെ ഉടനെ കാണും. അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്ന് തോമസ് കെ തോമസ് പറഞ്ഞു. സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള സന്തോഷമാണ്. തർക്കങ്ങൾ ഇല്ലാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ആഗ്രഹം. പറയത്തക്ക പ്രശ്നങ്ങളൊന്നും പാർട്ടിയിലില്ല. പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകും. മന്ത്രിമാറ്റ ചർച്ച എന്ന സബ്ക്ട് തന്നെ വിട്ടുകളയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു; ബമ്പർ കുതിപ്പിൽ സമ്മർ ബമ്പർ ലോട്ടറി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം