കര്‍ശന ഉപാധികളോടെയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം: ജാമ്യം ലഭിച്ച തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഒന്നാം പ്രതി സുനിൽകുമാർ, നാലാം പ്രതി റാഷിദ് എന്നിവരാണ് എറണാകുളം ജില്ലാ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്. മുഖ്യസൂത്രധാരനെന്ന് ഡിആർഐ കണ്ടെത്തിയ അഭിഭാഷകനായ ബിജു ഉൾപ്പടെ നാല് പ്രതികൾക്കും ഇന്നലെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
35,000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, വരുന്ന അഞ്ച് മാസത്തേക്ക് നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണം, തിരുവനന്തപുരം ജില്ല വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ നല്‍കിയ നാല് പ്രതികളില്‍ ഒരാളായ ഏഴാം പ്രതി ബിജു ഒഴികെയുള്ളവര്‍ക്ക് കടുത്ത വ്യവസ്ഥയില്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു ഡി ആര്‍ ഐ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, വ്യവസ്ഥകളോടെ കോടതി നാല് പ്രതികള്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
