ബത്തേരി: ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കും. പഴയ കെട്ടിടത്തിന്‍റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനാണ് തീരുമാനം. ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്‍കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. സ്‍കൂളിലെ  യുപി വിഭാഗത്തിന് ഒരാഴ്‍ച കൂടി അവധി നല്‍കാനും ഹൈസ്‍കൂള്‍ , ഹയർ സെക്കണ്ടറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‍കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്‍മാസ്റ്ററേയും അധ്യാപകനെയും സസ്‍പെന്‍റ് ചെയ്‍ത സാഹചര്യത്തില്‍ സ്‌കൂളിന് പകരം പ്രിസിപ്പലിനെ ചുമതലപ്പെടുത്തി. വിദ്യാർത്ഥികൾക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, ശുചീകരണ പ്രവൃത്തികള്‍ നടത്തല്‍ തുടങ്ങിയവയാണ് യോഗത്തിലുണ്ടായ മറ്റ് തീരുമാനങ്ങള്‍. ഇത് കൂടാതെ കുട്ടികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകാതിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

അതേസമയം ഷഹല ഷെറിന്‍റെ മരണത്തില്‍ പൊലീസ് കേസെടുത്ത നാല് പ്രതികളും ഒളിവിലാണ് കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹെഡ്മാസ്റ്റർ മോഹൻകുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങി. സ്ഥലത്തില്ല എന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. എത്തിയാൽ ഉടൻ പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.