തിരുവനന്തപുരം: ആറ്റിങ്ങൽ ആലങ്കോട് ഉണ്ടായ വാഹനാപകടത്തിൽ  കായംകുളം അംബ ആശ്രമത്തിലെ സ്വാമി ഹരിഹരചൈത്യ ഉൾപ്പടെ നാല് പേര്‍ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചക്ക് രണ്ടയോടെ ദേശീയപാതയിൽ കൊച്ചുവിളമൂട്ടിലായിരുന്നു സംഭവം. നെയ്യാർ ഡാമിലെ ശിവാനന്ദാശ്രമത്തിൽ നവാഹപൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 

സ്വാമി ഹരിഹരചൈതന്യ, മാവലിക്കര സ്വദേശി രാജൻ ബാബു, റിട്ട റെയിൽവെ സൂപ്രണ്ടായ ഓച്ചിറ സ്വദേശി റാവു മകൻ അനുരാഗ്, എന്നിരാണ് മരിച്ചത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയുമായി ഇവർ സഞ്ചരിച്ച മാരുതി ഓൾട്ടോ കാർ കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നോ എന്നും സംശയമുണ്ട്. ലോറിയുടെ അടിയിലേക്ക് കയറിപ്പോയ കാർ പൂർണ്ണമായും തകർന്നു. നാലുപേരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചായിരുന്നു മൃതദേഹങ്ങൾ പുറത്തെടുത്ത്. മൃതദേഹങ്ങള്‍ ചിറയൻകീഴ് താലൂക്ക് ആശുപത്രിലാണ് സൂക്ഷിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരെ ഗതാഗതം തടസപ്പെട്ടു.