എന്നാൽ, കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് പൊതു നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവ‍ർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. 

കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് പൊതു നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവ‍ർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്. 

കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് എടുക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കാസര്‍കോട് ജില്ലയില്‍ ഇന്നലെ മുതല്‍ നടപ്പിലാക്കിയിരുന്നു. 15 ദിവസം മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റെങ്കിലും വേണമെന്നായിരുന്നു നിബന്ധന. ഇതാണ് ഇപ്പോള്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് വാക്കാല്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂരിലെ ഉത്തരവ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിനെതിരെ കാസര്‍കോട് ചിലയിടങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിശോധന വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം എന്നായിരുന്നു ജില്ലാ കളക്ടറുടെ നിലപാട്.

കണ്ണൂരില്‍ നാളെ മുതല്‍ ഈ തീരുമാനം നടപ്പിലാക്കാനിരിക്കെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ജില്ലാ കളക്ടര്‍ക്കെതിരെ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യ പരസ്യമായി രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നില്‍പ്പ് സമരവും സംഘടിപ്പിച്ചു. കളക്ടറുടെ നിലപാട് അപ്രായോഗികം എന്നാണ് ഡിഎംഒയുടേയും നിലപാട്. എന്നാല്‍ ഇതുവരേയും കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചിട്ടില്ല. ഇന്ന് കൊവിഡ് സംബന്ധിച്ചുള്ള അവലോകന യോഗം ചേരുന്നുണ്ട്.

കണ്ണൂരും കാസർകോടും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍ തന്നെ ഒരു ഉത്തരവ് ഇറങ്ങുമെന്നാണ് അറിയുന്നത്.

(കണ്ണൂരിലെ ഉത്തരവ് പിൻവലിച്ചെന്ന് കാട്ടി ഞങ്ങൾ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. അത് പിഴവായിരുന്നു. ഖേദിക്കുന്നു)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona