Asianet News MalayalamAsianet News Malayalam

ബിരുദം മാത്രമുള്ളവര്‍ക്കും കോളേജില്‍ പഠിപ്പിക്കാം! പിൻവാതിൽ നിയമനത്തിന് കളമൊരുക്കി സർക്കാർ

അസി.പ്രഫസർക്ക് യോഗ്യതയായി നിശ്ചയിച്ചത് പിജി അതുമില്ലെങ്കിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും മാത്രം.

those who have degree can be teacher at kerala institute of hospitality management
Author
Kannur, First Published Jul 21, 2021, 8:55 AM IST

കണ്ണൂര്‍: പിൻവാതിൽ നിയമനത്തിന് കളമൊരുക്കി സർക്കാർ നിയന്ത്രണത്തിലുള്ള കോളേജില്‍ അധ്യാപകരെ നിയമിക്കാൻ ടൂറിസം വകുപ്പിന്‍റെ നീക്കം. ബിരുദവും പ്രവർത്തി പരിചയവും മാത്രം ഉള്ളവർക്ക് പോലും നിയമനം നേടാൻ സൗകര്യമൊരുക്കിയാണ് ഹോട്ടൽ മാനെജ്മെന്‍റ് കോളേജില്‍ അസി.പ്രഫസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് കോളേജ് തുടങ്ങുന്നത്.

കണ്ണൂർ സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനെജ്മെന്‍റില്‍ ഇപ്പോഴുള്ള കോഴ്സ് ബിഎസ്‍സി ഹോട്ടൽ മാനെജ്മെന്‍റ് ആന്‍റ് കേറ്ററിംഗ് സയൻസ്. അന്താരാഷ്ട്ര നിലവാരത്തിൽ ഹോട്ടൽ മാനേജ്മെന്‍റ് പഠനം സാധ്യമാക്കാനാണ് മുഖ്യമന്ത്രിയുടെ മണ്ഡ‍ലത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള സൊസൈറ്റി കോളേജ് തുടങ്ങുന്നത്. എന്നാൽ അസി.പ്രഫസർക്ക് യോഗ്യതയായി നിശ്ചയിച്ചത് പിജി അതുമില്ലെങ്കിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും മാത്രം.

570000 രൂപ ശമ്പളത്തിൽ അധ്യാപകരായി സ്ഥിര നിയമനത്തിനാണ് വിജ്ഞാപനം. ടൂറിസം വകുപ്പിൽ അന്വേഷിച്ചപ്പോൾ പ്രതികരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറല്ല. കണ്ണൂർ സർവകലാശാലക്ക് കീഴിൽ തുടങ്ങുന്ന സ്ഥാപനത്തിൽ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം യോഗ്യത വച്ചുവെന്നാണ് വിചിത്രമായ മറുപടി.

ഒക്ടോബർ മാസം മുഖ്യമന്ത്രി പങ്കെടുത്താണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനെജ്മെന്‍റ് സൊസൈറ്റി ഭരണസമിതി ആദ്യ യോഗം ചേർന്നത്. വകുപ്പിന്‍റെ ശുപാർശ പ്രകാരം കണ്‍സൾട്ടന്‍റിനെ വച്ചാണ് നിയമനങ്ങളിൽ ആൾ ഇന്ത്യാ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്‍റെ ചട്ടം പ്രകാരം യോഗ്യത നിശ്ചയിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുവരെ എഐസിറ്റിഇ അംഗീകാരം സ്ഥാപനം നേടിയതുമില്ല. 

സർവകലാശാലകൾക്ക് കീഴിലെ കോഴ്സ് പഠിപ്പിക്കാൻ കൊളെജിയേറ്റ് എജ്യുക്കേഷൻ ചട്ടം പ്രകാരം യുജിസി നെറ്റിന് തതുല്യമായ മത്സര പരീക്ഷ ഉദ്യോഗാർത്ഥികൾ കടക്കണം. ഉടനടി പ്രവർത്തനം തുടങ്ങാൻ കണ്ണൂർ സർവ്വകലാശാലയുടെ അംഗീകാരം നേടിയെടുത്തപ്പോഴും ദുർബലമായ യോഗ്യതാ മാനദണ്ഡ‍ങ്ങൾ മാറ്റിയില്ല. അങ്ങനെ ചെയ്താൽ ഭാവിയിൽ എഐസിറ്റിഇ അംഗീകാരം കിട്ടില്ലെന്നാണ് ടൂറിസം വകുപ്പിന്‍റെ മറുപടി. യുവജന സംഘടനയുടെ ദേശീയ അദ്ധ്യക്ഷനാണ് വകുപ്പിനെ നയിക്കുന്നത്. 

Follow Us:
Download App:
  • android
  • ios