മലപ്പുറം: ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം യുഡിഎഫിനാണെങ്കിലും  പ്രസിഡണ്ട് സ്ഥാനത്തെത്തിയത് സിപിഎമ്മാണ്. പ്രസിഡണ്ട്  പട്ടിക ജാതി സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിന് ആ വിഭാഗത്തില്‍ നിന്നുള്ള അംഗമില്ലാത്തതിനാലാണ് ഭരണം നഷ്ടമായത്. 

ഇരുപതു വര്‍ഷങ്ങളായി തുടര്‍ച്ചയായി അധികാരത്തിലിരുന്ന യുഡിഎഫിന്  കഴിഞ്ഞ തവണ ഭരണം നഷ്ടപെട്ടത്  വലിയ തിരിച്ചടിയായിരുന്നു. ഇത്തവണ ശക്തമായ മത്സരത്തിലൂടെ എട്ട് സീറ്റുകള്‍ നേടി യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. പക്ഷെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ച പട്ടികജാതി സംവരണ സ്ഥാനാര്‍ത്ഥി  വാര്‍ഡില്‍ തോറ്റു. ഇതോടെ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള ഏക അംഗമെന്ന നിലയില്‍ സിപിഎമ്മിലെ മനോഹരൻ പ്രസിഡണ്ടായി.

ഒരു യുഡിഎഫ്  അംഗത്തെ രാജി വെപ്പിച്ച് അവിടെ ഉപതെരെഞ്ഞെടുപ്പില്‍ പട്ടിക ജാതി വിഭാഗത്തിലെ കോൺഗ്രസ് പ്രവര്‍ത്തകനെ മത്സരിപ്പിച്ച് വിജയിപ്പിച്ച്   പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ് നേതൃത്വം. ഏതായാലും ചാലിയാര്‍ പഞ്ചായത്തില്‍  ഭൂരിപക്ഷം യുഡിഎഫിനും പ്രസിഡണ്ട് സിപിഎമ്മുമായി കുറച്ചു കാലം ഭരണം തുടരും.