Asianet News MalayalamAsianet News Malayalam

കോടിയേരിക്ക് കണ്ണൂരിന്‍റെ ലാല്‍സലാം, വീട്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍, മൃതദേഹം ജില്ലാകമ്മിറ്റി ഓഫീസില്‍

പൂര്‍ണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലും കടപ്പുറത്താണ് സംസ്‍ക്കാരം. നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് അന്ത്യനിദ്ര. 

Thousands paid their last homage to Kodiyeri Balakrishnan
Author
First Published Oct 3, 2022, 12:49 PM IST

കണ്ണൂര്‍: മുതിര്‍ന്ന സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍. കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണൂരിലെ വീട്ടിലേക്ക് എത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള വിലാപയാത്രക്കിടെ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. മീത്തലെ പീടിക, മുഴപ്പിലങ്ങാട്, എടക്കാട്, ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യമൊരുക്കിയത്. പൂര്‍ണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലം കടപ്പുറത്ത് സംസ്‍ക്കാരം നടക്കും. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക.

സി പി എം സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദനും ഇ കെ നായനാർക്കുമിടയിലാണ്  കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമമൊരുക്കുന്നത്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. സംസ്‍ക്കാരത്തിന് ശേഷം അനുശോചന യോഗം ചേരും. കണ്ണൂർ, തലശേരി , ധർമ്മടം, മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സി പി എം ഹർത്താൽ ആചരിക്കുകയാണ്. വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്ന് സി പി എം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന കോടിയേരി ശനിയാഴ്‍ച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. 

Follow Us:
Download App:
  • android
  • ios