കുപ്പിയിൽ പെട്രോൾ നൽകാത്തതിന്‍റെ പേരില്‍ പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പമ്പുടമയുടെ പരാതി

പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാത്തതിന്‍റെ പേരില്‍ പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പമ്പുടമയുടെ പരാതി. വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഓട്ടോറിക്ഷയിൽ കുപ്പിയിൽ പെട്രോൾ വാങ്ങാൻ എത്തിയതായിരുന്നു മൂന്ന് പേരടങ്ങിയ സംഘം. ബോട്ടിൽ കൈവശമില്ലെന്നും ഒരു ബോട്ടിലിൽ പെട്രോൾ നിറച്ച് തരണമെന്നും ഓട്ടോറിക്ഷയിൽ എത്തിയവർ പമ്പിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു.

ബോട്ടിൽ ഇവിടെ ഇല്ലെന്നും കൊണ്ടുവരണമെന്നും ജീവനക്കാർ പറഞ്ഞു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി ബോട്ടിൽ പമ്പിൽ ഉണ്ടോയെന്ന് പരിശോധിക്കുകയും അതിനിടയിൽ ജീവനക്കാരെ അസഭ്യം പറയുകയും വാക്കു തർക്കും ഉണ്ടാവുകയും ചെയ്തു. ബോട്ടിലിൽ പെട്രോൾ തന്നില്ലെങ്കിൽ പമ്പിന് തീവയ്ക്കും എന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പമ്പുടമയുടെ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടർന്ന് പമ്പ് മാനേജർ ഷോർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി.