താനൂർ കൊലപാതകം: മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടു

മലപ്പുറം: താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പരപ്പനങ്ങാടി കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. അഞ്ച് ദിവസത്തെ കസ്റ്റ‍ഡി പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി മൂന്ന് ദിവസമാണ് അനുവദിച്ചത്. ഒമ്പത് പ്രതികളുള്ള കേസിൽ  മൂന്ന് പേരെ മാത്രമെ പിടികൂടാന്‍ സാധിച്ചിട്ടുള്ളു.

ഇവരെ ചോദ്യം ചെയതാൽ മാത്രമേ ബാക്കി പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കൂ എന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂർ അഞ്ചടിയിൽ വച്ച് മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിനെ ഒരു സംഘം അക്രമിച്ചത്. ആളൊഴിഞ്ഞ പ്രദേശത്തു വച്ചായിരുന്നു അക്രമം. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇസ്ഹാക്ക് തിരൂർ ജില്ലാ ആശുപത്രയിൽ വച്ച് മരിച്ചു.

ഇസ്ഹാക്കിനെ വധിച്ചതിന് പിന്നിൽ സിപിഐഎം ന് പങ്കുള്ളതായി മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വള്ളിക്കുന്ന് മുതൽ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിൽ യുഡിഎഫ് ഹർത്താൽ നടത്തിയിരുന്നു.

താനൂരിലും അഞ്ചുടിയിലും മുമ്പ് നിരവധി തവണ സിപിഐഎം-മുസ്ലീം ലീഗ് സംഘർഷമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ അഞ്ചുടിയിൽ ‍ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റിരുന്നു.