യുവതി എത്തിയത് 916 മുദ്രയുള്ള മൂന്ന് വളകളുമായി, പണയംവെച്ച് 1,20,000 രൂപയും വാങ്ങി; സമാനമായ 30 കേസുകളിൽ പ്രതി
പാറശ്ശാല സ്വദേശിനിയായ മറ്റൊരു യുവതിയുമായി ചേർന്നാണത്രെ 916 മുദ്രയുള്ള ഇത്തരം മുക്കുപണ്ടങ്ങൾ നിർമിച്ചെടുക്കുന്നത്.
തിരുവനന്തപുരം: ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ '916' അടയാളം പതിച്ച മൂന്ന് മുക്കുപണ്ട വളകൾ പണയം വെച്ച് 1,20,000 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബിവിയെയാണ് (45) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ജെ. സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകുകയും കബളിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കുകയുമായിരുന്നു. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പാറശ്ശാല സ്വദേശിനിയുമായി ചേർന്നാണ് യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നത്.
ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപകുമാർ ജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിഷ്ണു എം.എസ്, സജിത്ത്, ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഫീജ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശരത് കുമാർ, വിഷ്ണു ലാൽ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം