കാസർകോട്: കാസർകോട് ജില്ലയിൽ കൊവിഡ് ഭേദമായി ഇന്ന് മൂന്ന് പേർ ആശുപത്രി വിടും. ബാധിയെടുക്ക മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ചികിത്സയിലുള്ള മൂന്ന് പേരാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇനി 11 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. നേരത്തെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുണ്ടായിരുന്നത് കാസർകോടായിരുന്നു. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാൻ സാധിച്ചെങ്കിലും ഇന്നലെയും ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് ആശങ്കയിൽ ദില്ലിയിലെ മലയാളി നഴ്സിംഗ് സമൂഹം

അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ മേഖലയിലെ ആള്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് വിദേശ സമ്പര്‍ക്ക ബന്ധമില്ല എന്ന് സ്ഥീരികരിച്ചിട്ടുണ്ട്. എന്നാൽ അസുഖത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തി. ഇയാളുടെ സമ്പര്‍ക്ക പട്ടികയും എങ്ങനെ രോഗം വന്നു എന്നതും പൊലീസിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. മാര്‍ച്ച് ആറിന് കുടക്, മടിക്കേരി മേഖലകളില്‍ പോയിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കുന്ന വിവരം.