മലപ്പുറം: വൻ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ നിന്ന് ഇന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി.  ഇതോടെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയവരുടെ എണ്ണം 44 ആയി. 15 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. 

ഹൈദരാബാദിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ സംവിധാനം കരിപ്പൂരിൽ എത്തിച്ചത്. 

ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ മൃതദേഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാകും എന്ന് ഹൈദരാബാദിൽ നിന്ന് എത്തിയ ശാസ്ത്രജ്ഞർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതിയുണ്ട്. എങ്കിലും മണ്ണിനടിയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും. പരമാവധി ശ്രമം നടത്തുമെന്ന് സംഘത്തിലെ ശാസ്ത്രജ്ഞൻ ഡോ. രത്നാകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം, പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം. നിലവിൽ മൃതദേഹം പുറത്തെടുക്കാനാവുന്ന അവസ്ഥയിലല്ല ഉള്ളത്. വിദഗ്‍ധ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടത്തുന്നുണ്ട്. ആരുടെതാണ് മൃതദേഹം എന്ന് കണ്ടെത്താനായിട്ടില്ല. ആറ് ദിവസത്തിന് ശേഷമാണ് ഈ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം ലഭിക്കുന്നത്.  ഇനി ആറ് പേരെയാണ് പുത്തുമലയിൽ നിന്ന് കണ്ടെത്താനുള്ളത്.