കൊച്ചി: മൂവാറ്റുപുഴയിൽ കാർ വീട്ടിലേക്ക് പാഞ്ഞു കയറി ചലച്ചിത്ര നടനടക്കം മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഒൻപതരയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ മേക്കടന്പിൽ വളവ് തിരിഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് സമീപത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് ഇടിച്ച് കയറി. വീടിന്‍റെ മുൻവശം തകർത്ത കാർ പാടെ തകർന്നു. തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന മൂന്ന് പേർ തൽക്ഷണം മരിച്ചു. 

വാളകം സ്വദേശികളായ ബേസിൽ ജോർജ്, അശ്വിൻ ജോയ്, നിധിൻ ബാബു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വീടിന്‍റെ മുൻവശത്തെ മുറിയിലുണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികൾക്കും പരിക്കേറ്റു. അഞ്ച് പേരെയും കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

മരിച്ച ബേസിൽ ജോർജ് കഴിഞ്ഞ വർഷം റിലീസ് ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ്. അഗ്നിശമന സേനയും നാട്ടുകാരും ഏറെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അമിത വേഗത നിമിത്തം കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.