കോഴിക്കോട്: കേരളത്തില്‍ ഇന്ന് മാത്രം ചെരിഞ്ഞത് മൂന്നു കാട്ടാനകള്‍. കോഴിക്കോട് തേന്‍പാറയില്‍ കിണറ്റില്‍ വീണ് വനംവകുപ്പ് രക്ഷിച്ച പിടിയാനയെ ഇന്ന് രാവിലെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിത്.  നിലമ്പൂർ കരുളായിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കൊമ്പനാനയും വയനാട് കുറിച്യാട് വനമേഖലയില്‍ ഒരു വയസുളള കുട്ടിയാനയുമാണ് ചെരിഞ്ഞത്.

12 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തിയ പിടിയാനയെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറില്‍നിന്ന് നൂറ് മീറ്റര്‍ മാറിയാണ് ജഡം കണ്ടെത്തിയത്. ആഴമേറിയ കിണറില്‍ വീണപ്പോഴേറ്റ പരിക്കാണ് മരണകാരണമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. 

മുത്തപ്പന്‍പുഴക്കടുത്ത് തേന്‍പാറ മലമുകളിലെ പൊട്ടകിണറ്റില്‍ വീണ കാട്ടാനയെ മൂന്നു ദിവസത്തിനു ശേഷമായിരുന്നു കണ്ടെത്തിയതും രക്ഷിച്ചതും. വയനാട് വന്യജീവി സങ്കേതത്തിലെ ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആനയ്ക്ക് മരുന്നും ഭക്ഷണും നല്‍കിയെങ്കിലും ആന അവശനിലയിലായിരുന്നു. ഇന്ന് രാവിലെ വീണ്ടും പരിശോധനയ്ക്കായി ആനയുടെ അടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ആണ് ചെരിഞ്ഞതായി കണ്ടത്. 

നിലമ്പൂർ കാളികാവ് റേഞ്ചിലെ കരുളായിയിലാണ് മറ്റൊരു കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൈലമ്പാറ വനത്തോട് ചേര്‍ന്നുളള കു‌ഞ്ഞുമുഹമ്മദിന്‍റെ കൃഷിയിടത്തിലാണ് ജഡം കണ്ടത്. ജഡത്തിനു സമീപം വൈദ്യുത വേലിയുളളതിനാല്‍ വൈദ്യുതാഘാതമേറ്റാണോ മരണമെന്ന് സംശയമുണ്ട്. മൂന്നു മാസം മുന്പും കാളികാവ് റേഞ്ചില്‍ കാട്ടാന ചെരിഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന തുടരുകയാണ്. 
 
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ കന്നാരംപുഴയ്ക്ക് സമീപമാണ് ഇന്ന് പുലര്‍ച്ചെ ഒരു വയസു പ്രായമുളള ആനക്കുട്ടിയുടെ ജഡം കണ്ടത്. കാട്ടാനക്കൂട്ടം ജഡത്തിനു സമീപം നിലയുറപ്പിച്ചതിനാല്‍ വനപാലകര്‍ക്ക് സമീപത്തേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.