Asianet News MalayalamAsianet News Malayalam

കേരളതീരത്ത് കടൽ പ്രക്ഷുബ്ധം; നിരവധി വള്ളങ്ങൾ തകർന്നു, മലപ്പുറത്ത് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് ഉൾക്കടലിൽ അപകടത്തിൽപ്പെട്ടതായി കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചിട്ടുണ്ട്. ബോട്ടിനെ രക്ഷിക്കാൻ കോസ്റ്റ് ഗാർഡ് പുറപ്പെട്ടു. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. 

Three fishermen got missing in kerala shore
Author
Malappuram, First Published Sep 7, 2020, 9:41 AM IST

മലപ്പുറം/തൃശ്ശൂർ: മലപ്പുറത്ത് മൂന്ന് അപകടങ്ങളിലായി മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പൊന്നാനിയിൽ നിന്നും ആറ് പേരുമായി പോയ ബോട്ട് നാട്ടികയ്ക്ക് സമീപം വച്ച് ഇന്ധനം തീർന്ന് നടുക്കടലിൽ കുടങ്ങി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ കോസ്റ്റ് ഗാർഡ് നടപടി തുടങ്ങിയിട്ടുണ്ട്. 

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞു ഒരാളേയും താനൂരിൽ വള്ളം മറിഞ്ഞു രണ്ടു പേരെയും കാണാതായി. കോഴിക്കോട് തീരത്ത് തകർന്ന നിലയിൽ ഒരു തോണി കരയ്ക്കടിഞ്ഞിട്ടുണ്ട്. പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്.

താനൂരിലുണ്ടായ അപകടത്തിൽ മുങ്ങിയ ബോട്ടിൽ അഞ്ച് പേരുണ്ടായിരുന്നുവെങ്കിലും മൂന്ന് പേർ തിരികെയെത്തി. പരപ്പനങ്ങാടി ഭാഗത്തേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു ഇവർ. രണ്ട് പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. താനൂർ ഓട്ടുമ്പുറത്തുനിന്നാണ് ബോട്ട് കടലിൽ പോയത്. കെട്ടുങ്ങൽ കുഞ്ഞുമോൻ, കുഞ്ഞാലകത്ത് ഉബൈദ് എന്നിവർക്കായി ഇപ്പോഴും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കയാണ്. എന്നാൽ കടൽ പ്രക്ഷുബ്ധമായത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടും അപകടത്തിൽപ്പെട്ടു. ആറു മത്സ്യത്തൊഴിലാളികളാണ് ഇതിലുണ്ടായിരുന്നത്. എൻജിൻ തകരാറിലായി വിള്ളൽ വന്ന് വെള്ളം കയറിയ അവസ്ഥിലാണ് ബോട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. എറണാകുളത്ത് എടമുട്ടത്തിനടുത്താണ് നിലവിൽ ബോട്ടുള്ളത്. രക്ഷാ പ്രവർത്തനം തുടങ്ങിയതായി കോസ്റ്റ്ഗാർഡ് അറിയിച്ചിട്ടുണ്ട്.

പൊന്നാനിയിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായിട്ടുണ്ട്. നാലുപേരുമായി പോയ നൂറിൽഹൂദ എന്ന വളളമാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. ഇതിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കബീറിനെ കാണാതായിട്ടുണ്ട്. മറ്റ് മൂന്ന് പേർ പടിഞ്ഞാറക്കര നായർതോട് ഭാഗത്തേക്ക് നീന്തിക്കയറുകയായിരുന്നു. കടൽ പ്രക്ഷുബ്ദമാകാനള്ള സാധ്യത മുന്നിൽക്കണ്ട് മത്സ്യ ബന്ധനത്തിനു പോകരുതെന്ന നിർദേശമുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്.

കോഴിക്കോട് വെള്ളയിൽ തീരത്ത് തകർന്ന തോണി കരക്കടിഞ്ഞു. തോണി രണ്ടായി പിളർന്ന നിലയിലാണ്. തിരുവനന്തപുരം പൊഴിയൂർ സ്വദേശി ജെ. മത്ത്യാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് തോണി. തോണിയിൽ മത്സ്യതൊഴിലാളികൾ ഉള്ളതായി വിവരമില്ലെന്നും മറൈൻ എൻഫോഴ്സ്മെൻ്റിന് വിവരം കൈമാറിയതായും പൊലീസ് അറിയിച്ചു.  തോണിയിൽ ഉണ്ടായിരുന്ന 5 പേരേയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇന്നലെ രാത്രി പുറംകടലിൽ വച്ചാണ് തോണി അപകടത്തിൽപ്പെട്ടതെന്നും കോസ്റ്റൽ പൊലീസ് പിന്നീട് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios