ഇന്റർവ്യൂവിന്റെ ടെൻഷൻ മാറ്റാൻ മദ്യപിച്ച് കൊച്ചിയിലൂടെ കാറിൽ അഭ്യാസ പ്രകടനം; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി
കോഴിക്കോട് ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോവുകയായിരുന്നുവെന്നും ടെൻഷൻ മാറ്റാൻ കൊച്ചിയിൽ ഇറങ്ങി മദ്യപിച്ചതാണെന്നുമാണ് യുവാക്കൾ പൊലീസിന് മൊഴി നൽകിയത്.
കൊച്ചി: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ കാറോടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം. തിരക്കേറിയ എംജി റോഡിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മൂന്ന് പേരെ സെൻട്രൽ പൊലീസ് പിടികൂടി. കൊല്ലത്ത് നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാക്കളാണ് കാറിലുണ്ടായിരുന്നത്.
കോഴിക്കോട് നടക്കുന്ന ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാനായാണ് മൂന്ന് യുവാക്കളും കൊല്ലത്ത് കാറിൽ നിന്ന് യാത്ര തിരിച്ചത്. വഴിയിൽ വെച്ച് എറണാകുളത്ത് എത്തിയപ്പോഴാണ് ടെൻഷൻ മാറ്റാനായി മദ്യപിക്കാമെന്ന് തീരുമാനിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. നന്നായി മദ്യപിച്ച ശേഷം വീണ്ടും കാറിൽ കയറി റോഡിൽ അഭ്യാസ പ്രകടനം തുടങ്ങി. ഇത് ഇവർക്ക് പിന്നാലെ മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തി പൊലീസിന് അയച്ചുകൊടുത്തു. പൊലീസ് മാധവ ഫാർമസി ജംഗ്ഷനിൽ വെച്ച് മൂവരെയും കൈയോടെ പിടികൂടി. എറണാകുളം സെൻട്രൽ പൊലീസാണ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം