തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരുദിവസം പത്ത് കടന്ന് കൊവിഡ് മരണം. എഴ് ജില്ലകളിലായി  11 പേരുടെ ജീവനാണ് കൊവിഡ് മൂലം നഷ്ടമായത്. ആലപ്പുഴയില്‍ മൂന്ന് പേരും കോഴിക്കോട്ടും മലപ്പുറത്തും രണ്ട് പേർ വീതവും പത്തനംതിട്ട, കോട്ടയം,തൃശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 70 ആയി.

ആലപ്പുഴയിൽ കുത്തിയത്തോട് സ്വദേശി പുഷ്കരി(80), കോടംതുരുത്ത് ശാരദ(76), കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ (75) എന്നിവരാണ് ഇന്ന് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് സൈനുദ്ദീന് മരിച്ചത്. രണ്ട് ദിവസം മുൻപാണ് സൈനുദ്ദീനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു പുഷ്കരിയുടെ മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ ഇന്ന് സ്ഥിരീകരിച്ച രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്. 

മരണ ശേഷമാണ് ഇവര്‍ക്ക് ശാരദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മരിച്ച ഇവരുടെ ഫലെ പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശാരദയുടെ മകനും മരുമകളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശാരദയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ച ഷാഹിദക്കും ഇന്ന് മരിച്ച ഓമശ്ശേരി സ്വദേശി മുഹമ്മദിനും കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് മരിച്ച യൗസേഫ് ജോർജ്ജിന്റെ പരിശോധനാഫലവും പോസറ്റീവായി. മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ , തുവൂർ സ്വദേശി ഹുസൈന് എന്നിവരാണ് മരിച്ചത്. കാസർകോട് കുമ്പള സ്വദേശി അബ്ദുൾ റഹിമാൻ, ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളൻ എന്നിവരും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. മെഴുവേലി സ്വദേശി മോഹൻദാസാണ് പത്തനംതിട്ടയിൽ മരിച്ചത്  ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മരണസംഖ്യ 59 ആണെങ്കിലും ഇന്നത്തെ 11 മരണം കൂടിയായതോടെ 70 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്.