കോട്ടയം: യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. കോട്ടയം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ മൂന്ന് നേതാക്കൾ കൂടി പാർട്ടിവിട്ടു. പാല നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ ടോണി തോട്ടത്തിൽ, കൗൺസിലർമാരായ ജോബി വെള്ളാപ്പാണിയിൽ, ടോമി തറക്കുന്നേൽ എന്നിവരാണ് പാർട്ടി വിട്ടത്.

കോട്ടയം ജില്ല സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കൽ രാവിലെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫിന്‍റെ ഭാഗമല്ലാത്ത പാർട്ടിക്കൊപ്പം നിൽക്കാനാവില്ലെന്നും ജോസ്മോൻ പ്രതികരിച്ചിരുന്നു.

മാണിസാറിന്‍റെ ആത്മാവിനോട് നീതിപുലര്‍ത്തണമെങ്കില്‍ ജോസ് കെ മാണി യുഡിഎഫിൽ നിൽക്കണം. യുഡിഫിൽ നിന്നുള്ള നടപടി ചോദിച്ച് വാങ്ങി ഇടതുമുന്നണിയിലേക്ക് പോകാനാണ് ജോസ് കെ മാണി ശ്രമിച്ചത്.   യുഡിഎഫ് വിട്ടുപോകാനായിരുന്നു ജോസ്കെ മാണി ശ്രമിച്ചത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിടും. യുഡിഫിൽ നിന്നുള്ള നടപടി ജോസ് കെ മാണി ചോദിച്ച് വാങ്ങിയതെന്നും ജോസ്മോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരുമെന്നും ചർച്ചകൾ നടത്തുകയാണെന്നും പിജെ ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോസ്മോൻ മുണ്ടയ്ക്കൽ പാര്‍ട്ടിവിടുമെന്ന് അറിയിച്ചത്. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന്  പുറത്താക്കിയത് സ്വഭാവിക നടപടി മാത്രമാണെന്നും ധാരണകള്‍ പാലിക്കാൻ കഴിയാത്തവര്‍ക്ക് ഒരു മുന്നണിയിൽ തുടരാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ തീരുമാനമെന്നുമായിരുന്നു ജോസഫിന്‍റെ പ്രതികരണം.