Asianet News MalayalamAsianet News Malayalam

എടിഎം മെഷീനുകളിൽ കൃതിമം കാണിച്ച് പണം തട്ടിയ യു.പി സ്വദേശികൾ പാലക്കാട്ട് പിടിയിൽ

മണ്ണാർക്കാട് കോടതിപ്പടിയിലുള്ള എടിഎമ്മിൽ പ്രതികൾ സ്ഥിരമായി വരാറുണ്ടായിരുന്നു. ഇവർ വന്നപ്പോഴൊക്കെ മെഷീൻ ഫെയിൽഡായതോടെ സംശയം തോന്നിയ സുരക്ഷാ ജീവനക്കാരൻ പൊലീസിനെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. 

three people arrested for atm fraud in palakkad
Author
First Published Jan 19, 2023, 10:50 PM IST

പാലക്കാട്: എടിഎം മെഷീനിൽ കൃത്രിമം കാണിച്ച് പണം തട്ടുന്ന ഉത്തർപ്രദേശ് സ്വദേശികൾ മണ്ണാർക്കാട് പൊലീസിന്റെ പിടിയിൽ. ഉപഭോക്താക്കളെ കബളിപ്പിച്ച് സ്വന്തമാക്കിയ എടിഎം കാർഡുകൾ ഉപയോഗിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പ്. പ്രതികളിൽ നിന്നും വിവിധ ബാങ്കുകളുടെ 38 എടിഎം കാർഡുകൾ പൊലീസ് പിടിച്ചെടുത്തു. 

ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശികളായ പ്രവീൺമാർ, ദിനേശ് കുമാർ, സന്ദീപ് എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ  ചോദ്യം ചെയ്തതോടെ പുറത്തായത്  അമ്പരപ്പിക്കുന്ന തട്ടിപ്പുരീതിയാണ്. മൂവരും സുഹൃത്തുക്കളിൽ നിന്നും  സൂത്രത്തിൽ എടിഎം കാർഡ് തരപ്പെടുത്തും. പിന്നാലെ കേരളത്തിലെ എടിഎം കൗണ്ടറുകളിൽ എത്തിയാണ് തട്ടിപ്പ്. കാർഡുകൾ സ്ലോട്ടിൽ ഇടും. ഫോർഗോറ്റ് പിൻ (Forget PIN) അടിക്കും. അപ്പോൾ യഥാർത്ഥ ഉടമയ്ക്ക് പുതിയ പാസ്‍വേർഡ്  ക്രമീകരിക്കാനുള്ള സന്ദേശമെത്തും. അത് ഫോൺവിളിച്ച് സൂത്രത്തിൽ തരപ്പെടുത്തും. എന്നിട്ട് പണം എടുക്കും. 

പണം പിൻവലിച്ചത് അറിയാതിരിക്കാനും സൂത്രപ്പണിയുണ്ട്. പണം മെഷിനിൽ നിന്നും പുറത്ത് വരുന്ന സമയം സ്ലോട്ട് അമർത്തി പിടിച്ച് പണം കയ്യിലാക്കും. സ്ലോട്ട് അമർത്തി പിടിക്കുന്നതിനാൽ ട്രാൻസാക്ഷൻ  ഫെയിൽഡ് എന്ന് കാണിക്കും. അതേ സമയം പുറത്തു വരുന്ന പണം  പ്രതികൾക്ക് കിട്ടും. തുടർന്ന് അക്കൗണ്ടുള്ള ബാങ്കിൽ പോയി പണം ലഭിച്ചില്ലെന്ന പരാതി നൽകും. ട്രാൻസാക്ഷൻ ഫെയിൽഡ് (Transaction Failed) കാണിക്കുന്നതിനാൽ ബാങ്കിൽ നിന്നും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്യും. ഫ്രാഞ്ചൈസികളുടെ എടിഎം സെന്ററുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. അവർക്ക് ഓഡിറ്റ് നേരത്ത് മാത്രമേ ഇത്തരം പണം നഷ്ടപ്പെട്ടത് കണ്ടെത്താനാകൂ. 

മണ്ണാർക്കാട് കോടതിപ്പടിയിലുള്ള എടിഎമ്മിൽ പ്രതികൾ തട്ടിപ്പിനായി ഇടയ്ക്ക് വരാറുണ്ടായിരുന്നു. ഇവർ വന്നപ്പോഴൊക്കെ മെഷീൻ ഫെയിൽഡ് എന്ന് കാണിച്ചു.  ഇതിൽ സംശയം തോന്നിയ സുരക്ഷാ ജീവനക്കാരൻ പൊലീസിൽ പരാതിപ്പെട്ടു. പിന്നാലെ മണ്ണാർക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായതും,തട്ടിപ്പ് പുറത്തായതും. 

Follow Us:
Download App:
  • android
  • ios