കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജിൽ നിന്നാണ് പത്ത് കിലോ തിമിംഗല ഛർദിയുമായി ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

കാസര്‍കോട്: കാസർകോട്ട് 10 കോടി രൂപ വില വരുന്ന തിമിംഗല ഛർദിയുമായി മൂന്നു പേർ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശികളായ സിദ്ദിഖ്, നിഷാന്ത്, കോട്ടോടി സ്വദേശി ദിവാകരൻ എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജിൽ നിന്നാണ് പത്ത് കിലോ തിമിംഗല ഛർദിയുമായി ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. നിഷാന്ത്, സിദീഖ് എന്നിവർ കർണാടകയിൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ദിവാകരൻ ഇടനിലക്കാരനാണ്. ലോഡ്ജിൽ മുറിയെടുത്ത് വിൽപ്പനയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികൾ പൊലീസ് വലയിലായത്. ഹൊസ്ദുർഗ് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. 

വാതിൽ കുത്തിത്തുറന്ന് 35 പവനും കാൽ ലക്ഷവും കവർന്നു; 'ഹണി' എത്തിയത് ഫാം ഹൌസിലേക്ക്, അന്വേഷണം

ആളൂരില്‍ വീട് കുത്തിതുറന്ന് 35 പവനും കാൽ ലക്ഷം രൂപയും കവർന്നു. മോഷണം നടന്ന വീട്ടിൽ പരിശോധനക്ക് എത്തിയ പൊലീസ് നായ മണം പിടിച്ച് എത്തിയ ഫാം ഹൗസിൽ നിന്ന് വാഷും ചാരായവും പിടികൂടി. ഫാം ഹൗസിൽ ജോലിക്ക് ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്യലിനിടെ ഇയാൾ ചാടി പോയി. 

തൃശൂർ ആളൂര്‍ ചങ്ങല ഗേറ്റ് സമീപം വടക്കേപീടിക വീട്ടില്‍ ജോര്‍ജ്ജിന്റെ വീട്ടിലാണ് പുലർച്ചെ മോഷണമുണ്ടായത്. രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാർ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയപ്പോഴാണ് അലമാലയിലുള്ള സ്വര്‍ണ്ണം പരിശോധിച്ചത്. ജോയും ഭാര്യയും മക്കളും കിടന്നിരുന്ന റൂമിലെ അലമാരയില്‍ നിന്നാണ് ഏകദേശം 35 പവനോളം സ്വര്‍ണ്ണവും മേശയ്ക്ക് മുകളില്‍ ഇരുന്നിരുന്ന പേഴ്‌സില്‍ നിന്ന് 22,000 രൂപയും നഷ്ടപ്പെട്ടത്.

വീടിന്റെ മുന്‍വശത്തുള്ള വാതിലിനോട് ചേര്‍ന്നുള്ള ജനലകളിലൊന്ന് കുത്തിതുറന്ന നിലയിലാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ പരിശോധനക്ക് എത്തിയ പൊലീസ് നായ ഹണി മണം പിടിച്ച് അടുത്തുള്ള ഫാം ഹൗസിലേക്കെത്തി. ഇവിടെ നിന്ന് വാറ്റുചാരായവും കണ്ടെത്തി. ഇവിടെ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.