തിരുവനന്തപുരം: പാറശ്ശാലയിൽ യുവാവിന്‍റെ വീട് അടിച്ച് തകർത്ത സംഭവത്തിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ലഹരിയിലെത്തിയ ഒമ്പതംഗ സംഘം മഴുവും വെട്ടുകത്തിയുമുപയോഗിച്ച് മിഥുന്‍റെ വീട് അടിച്ച് തകർക്കുകയായിരുന്നു. വീടാക്രമിച്ച സംഘം വീട്ടിൽ നിന്ന് പണവും കവർന്നിരുന്നു.

രണ്ട് ദിവസം മുമ്പാണ് ചിറക്കുളം സ്വദേശി മിഥുന്‍റെ വീട് അർധരാത്രിയിൽ മഴുവും വെട്ടുകത്തികളുമായെത്തിയ ഒമ്പതംഗസംഘം  അടിച്ചു തകർക്കുന്നത്. പിന്നാലെ വീട്ടിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് സംഘം കടന്നു കളഞ്ഞു. പിറ്റേദിവസം തന്നെ പ്രതികളിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സംഭവത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യുന്നത്. വെട്ടുവിള സ്വദേശി അരുൺ, ചിറക്കുളം സ്വദേശി റെജി, നെടുവാൻവിള സ്വദേശി അരുൺ കുമാർ എന്നിവർ പിടിയിലാവുന്നത്.

പ്രദേശത്ത് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമുപയോഗിക്കുന്ന സംഘത്തെ പറ്റി പൊലീസിന് വിവരം നൽകിയത് മിഥുൻ ആണെന്ന് തെറ്റിദ്ധരിച്ചാണ് സംഘം വീടാക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു . പ്രതികളിൽ നിന്ന് ആക്രമണത്തിനുപയോഗിച്ച മഴുവും വെട്ടുകത്തികളും പൊലീസ് പിടിച്ചെടുത്തു. രണ്ടാം പ്രതി അരുണിന്‍റെയും മൂന്നാം പ്രതി റെജിയുടേയും പേരിൽ മോഷണവും പിടിച്ചുപറിയുമുൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ  പ്രതികളെ റിമാൻഡ് ചെയതു.