Asianet News MalayalamAsianet News Malayalam

മഴ കുറഞ്ഞു, ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടില്ല; മുല്ലപ്പെരിയാറിലെ മൂന്നു ഷട്ടറുകൾ അടച്ചു

ഇടുക്കിയിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നതിൽ നാളെ തീരുമാനം, പെരിയാർ തീരത്തും ആശങ്ക ഒഴിയുന്നു

Three shutters closed in Mullaperiyar
Author
Idukki, First Published Aug 10, 2022, 8:13 PM IST

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടില്ല. ഇടുക്കി ഡാമിലെ ജലനിരപ്പ് 2387.38 അടിയിലേക്ക് താഴ്ന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ മൂന്നു ഷട്ടറുകൾ അടച്ചു. 138.80 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. മുല്ലപ്പെരിയാറിൽ നിന്നും ഇപ്പോൾ എത്തുന്ന  വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുമെന്നതിനാലാണ് കൂടുതൽ വെള്ളം തുറന്നു വിടേണ്ടെന്ന് റൂൾ ക‍ർവ് കമ്മറ്റി തീരുമാനിച്ചത്. തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. റോഡിനും കേടുപാടുകൾ സംഭവിച്ചു. ഇത് കൂടി കണക്കിലെടുത്ത് ഇടുക്കിയിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനാണ് ആലോചന. ഇക്കാര്യത്തിൽ നാളെ തീരുമാനമുണ്ടാകും. വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞതോടെ മുല്ലപ്പെറിയാറിലെ ജലനിരപ്പും കുറയുകയാണ്. മൂന്നു ഷട്ടറുകൾ അടച്ചതോടെ പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കുറ‌ഞ്ഞു.  5,650 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്.

പെരിയാറിലും ജലനിരപ്പ് മൂന്നടിയോളം കുറഞ്ഞു. വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. പൂർണമായും വെള്ളം ഇറങ്ങിയ വീടുകളിലുള്ളവർ തിരിച്ചെത്തി. വള്ളക്കടവ് മുതൽ മ്ലാമല വരെയുള്ള പെരിയാർ തീരത്തെ 85 കുടുംബങ്ങളിൽ ഉള്ളവരാണ് ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിയിരുന്നത്. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനാൽ എല്ലാവർക്കും നാളെയോടെ വീട്ടിലേക്ക് മടങ്ങാൻ കഴിയും. 2018ലും കഴിഞ്ഞ വർഷവും ഡാം മാനേജ്മെന്റിൽ ഉണ്ടായ പിഴവ് ഇത്തവണ ആവർ‍ത്തിച്ചില്ല എന്നതിന്റെ ആശ്വാസത്തിലാണ് അധികൃതർ. അതേസമയം കഴിഞ്ഞ തവണത്തെ പോലെ തുലാവർഷമെത്തുമ്പോൾ വീണ്ടും എല്ലാമെടുത്ത് ഓടേണ്ടി വരുമോയെന്ന ആശങ്ക തീരദേശത്തുള്ളവർക്കുണ്ട്.


 

Follow Us:
Download App:
  • android
  • ios