തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മൂന്ന് വനിത മന്ത്രിമാരുണ്ടാവും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ മന്ത്രിസ്ഥാനത്തേക്കില്ലെന്ന് വ്യക്തമായതോടെ പകരം വീണ ജോർജ്, ആർ.ബിന്ദു എന്നിവർ സിപിഎമ്മിൽ നിന്നും മന്ത്രിമാരായി എത്തും. സിപിഐയിൽ നിന്നും ജെ ചിഞ്ചു റാണിയാണ് വനിതാ സാന്നിധ്യമായി എത്തുക. 

രണ്ടാം പിണറായി സ‍ർക്കാർ -

1. പിണറായി വിജയൻ
2. എം.വി.ഗോവിന്ദൻ
3. കെ.രാധാകൃഷ്ണൻ
4. കെ.എൻ ബാലഗോപാൽ
5. പി.രാജീവ്
6. വി.എൻ.വാസവൻ
7. സജി ചെറിയാൻ
8. വി.ശിവൻ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആർ.ബിന്ദു
11. വീണാ ജോർജ്
12. വി.അബ്ദു റഹ്മാൻ 

സിപിഐ
13. പി.പ്രസാദ്
14. കെ.രാജൻ
15. ജെ.ചിഞ്ചുറാണി
16. ജി.ആർ. അനിൽ

17. റോഷി അഗസ്റ്റിൻ - കെ.സി.എം
18. കെ.കൃഷ്ണൻകുട്ടി - ജെ.ഡി.എസ്
19. അഹമ്മദ് ദേവർകോവിൽ - ഐ.എൻ.എൽ
20. ആൻണി രാജു - ജനാധിപത്യ കേരള കോൺ​ഗ്രസ് 
21. എ.കെ.ശശീന്ദ്രൻ - എൻ.സി.പി

നേമത്ത് അഭിമാന ജയം നേടിയ വി.ശിവൻകുട്ടിക്ക് മന്ത്രിബ‍ർത്ത് ഉറപ്പായപ്പോൾ നേരത്തെ സർക്കാരിൽ ജില്ലയെ പ്രതിനിധീകരിച്ച കടകംപള്ളി സുരേന്ദ്രന് പുതുമുഖങ്ങളെന്ന നയം തടസമായി. ശിവൻകുട്ടിയെ കൂടാതെ ജി.ആർ.അനിലും ആൻ്റണിരാജുവും തലസ്ഥാന ജില്ലയിൽ നിന്നും മന്ത്രിസഭയിലെത്തി.റിയാസും അഹമ്മദ് ദേവർകോവിലും എ.കെ.ശശീന്ദ്രനും മന്ത്രിമാരാവുന്നതോടെ കോഴിക്കോട് ജില്ലയ്ക്ക് മൂന്ന് മന്ത്രിമാരെ ഇക്കുറി കിട്ടും. കെ.രാധാകൃഷ്ൻ, ആ‍.ബിന്ദു,കെ.രാജൻ എന്നിവരിലൂടെ തൃശ്ശൂ‍‍ർ ജില്ലയ്ക്കും മൂന്ന് മന്ത്രിമാരെ ലഭിക്കും. 

അതേസമയം അഞ്ച് വർഷവും മന്ത്രിമാരുടെ സാന്നിധ്യമുണ്ടാക്കുക തൃശ്ശൂരിൽ മാത്രമായിരിക്കും. കോഴിക്കോട് ജില്ലയിൽ എൻസിപിയിൽ നിന്നും മന്ത്രിയായ എ.കെ.ശശീന്ദ്രന് രണ്ടരവർഷം കഴിഞ്ഞാൽ കുട്ടനാട്ടിലെ പാർട്ടി എംഎൽഎ തോമസ് കെ തോമസിനായി വഴിമാറേണ്ടി വരും. അഹമ്മദ് ദേവർകോവിലിനും രണ്ടരവർഷം കഴിഞ്ഞാൽ കെ.ബി.ഗണേഷ് കുമാറിനായി സ്ഥാമൊഴിയേണ്ടി വരും. തിരുവനന്തപുരത്ത് ആൻ്റണി രാജുവിന് കടന്നപ്പള്ളി രാമചന്ദ്രനായി വഴി മാറേണ്ടതായിട്ടുണ്ട്. എന്നൽ തൃശ്ശൂരിൽ നിന്നും മന്ത്രിമാരായ ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവർക്ക് അഞ്ച് വർഷവും സർക്കാരിൽ തുടരാനാവും.

ശൈലജ ടീച്ചറെ മാറ്റി നിർത്തുകയും ജെ.മെഴ്സിക്കുട്ടിയമ്മ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തതോടെയാണ് പകരം വീണാ ജോ‍ർജിനും ആർ.ബിന്ദുവിനും മന്ത്രിസ്ഥാനത്തേക്ക് വഴിയൊരുങ്ങിയത്. നിയുക്ത കൊയിലാണ്ടി എംഎൽഎയും കോഴിക്കോട് പഞ്ചായത്ത് പ്രസിഡൻ്റുമായ കാനത്തിൽ ജമീലയുടെ പേരും മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവസാനപട്ടികയിൽ അവർ ഉണ്ടായില്ല.

ബന്ധുനിയമനവിവാദത്തിൽ കുടുങ്ങിയ കെ.ടി.ജലീൽ മന്ത്രിയായില്ലെങ്കിലും സ്പീക്കറായി എങ്കിലും താക്കോൽ സ്ഥാനത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പകരം മലപ്പുറത്തിനുള്ള ക്വാട്ടയിൽ താനൂർ എംഎൽഎ വി.അബ്ദുറഹ്മാന് മന്ത്രിയാവാൻ വഴിയൊരുങ്ങി. പൊന്നാനിയിൽനിന്നും ജയിച്ച പി.നന്ദകുമാർ തഴയപ്പെട്ടു. 

വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് രണ്ടാം പിണറായി സ‍ർക്കാരിൻ്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയെന്ന് വ്യക്തമാവും. ആകെ 21 പേരാണ് മന്ത്രിസഭയിൽ ഉള്ളത് ഇതിൽ പിണറായി വിജയൻ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി എന്നിവ‍ർ മാത്രമാണ് ഒന്നാം പിണറായി സ‍ർക്കാരിൽ ഉണ്ടായിരുന്നത്. 

മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്ന എം.ബി.രാജേഷിനെ സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടു വന്നത് തീർത്തും അപ്രതീക്ഷിതമായ നീക്കമാണ്.  ആദ്യഘട്ടത്തിൽ ചർച്ചകളിൽ പേരില്ലാതിരുന്ന മുഹമ്മദ് റിയാസും അബ്ദുറഹ്മാനും അപ്രതീക്ഷിതമായാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. 

കഴിഞ്ഞ സർക്കാരിൽ കെ.കെ.ശൈലജ ടീച്ചറും ജെ.മെഴ്സിക്കുട്ടിയമ്മയും ആണ് വനിതകളായി ഉണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ മെഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതോടെ ശൈലജ ടീച്ചർക്ക് മാത്രമായി ചിത്രത്തിൽ. സംസ്ഥാന ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് കെ.കെശൈലജ ഇക്കുറി മട്ടന്നൂരിൽ നിന്നും വിജയിച്ചത്. 60000 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവർ നേടിയത്. പിണറായി സർക്കാരിലെ ഏറ്റവും ജനകീയായ മന്ത്രി എന്ന പേരും അവർക്കുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്തിയതിനെ തുടർന്ന് ഒന്നാം പിണറായി സർക്കാരിലെ തോമസ് ഐസക്, ജി.സുധാകരൻ എന്നീ പ്രമുഖ മന്ത്രിമാർക്ക് വീണ്ടും മത്സരിക്കാൻ അവസരം കിട്ടിയിരുന്നില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Vishnu sent Today at 14:12

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoron