വികസിത കേരളമെന്ന മുദ്രാവാക്യം എങ്ങനെ വിശദീകരിക്കും എന്നതിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ആശങ്ക. അതേസമയം, ബിജെപിയെ കടന്നാക്രമിക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫും യുഡിഎഫും.

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരള അവഗണനയില്‍ സംസ്ഥാന ബിജെപി നേതൃത്വം വെട്ടിൽ. വികസിത കേരളമെന്ന മുദ്രാവാക്യം എങ്ങനെ വിശദീകരിക്കും എന്നതിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ആശങ്ക. അതേസമയം, ബിജെപിയെ കടന്നാക്രമിക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫും യുഡിഎഫും. ബജറ്റ് ചർച്ചയിൽ ധനമന്ത്രിയുടെ മറുപടിയിൽ ഇനി പ്രതീക്ഷ. നിയമസഭയിലെ സംസ്ഥാന ബജറ്റ് ചർച്ചയിലും കേന്ദ്ര ബജറ്റ് ആയുധമാകും.

വികസിത കേരളം പറഞ്ഞ ബിജെപി നേതാക്കൾ ഇപ്പോൾ ആമയെ കെട്ടിപിടിച്ചു നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവും കേരളത്തിന് കിട്ടിയത് ആമമുട്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പരിഹസിച്ചു. യുപിഎ, എൽഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തിനായി എന്ത് ചെയ്തുവെന്ന മറുചോദ്യം കൊണ്ട് നേരിടുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ.

തെര‍ഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനം ടിവിക്ക് മുമ്പിലിരിക്കുന്നത് പോലെ ബജറ്റ് പ്രസംഗം കേട്ടതാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചതാണ് അവരും. വലിയ ആഘോഷങ്ങള്‍ക്കും തയ്യാറെടുത്തു. പക്ഷേ കടുത്ത നിരാശയായിരുന്നു ഫലം. കടലാമ ട്രോളുകളും എതിരാളികളുടെ കളിയാക്കലും വിമര്‍ശനവുമായി നീക്കിയിരിപ്പ്. വികസിത കേരളം മുദ്രാവാക്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനിരിക്കുമ്പോഴാണ് ഇങ്ങനെ വെട്ടിലായത്. ബജറ്റ് അവഗണനയിൽ ബിജെപിക്കെതിരെ എൽഡിഎഫും യുഡിഎഫും പോര്‍മുഖം തുറന്നു കഴിഞ്ഞു . നിയമസഭയിൽ ഭരണപക്ഷം ബജറ്റ് അവഗണന ഉയര്‍ത്തി.

അതിവേഗ റെയിൽ ഇല്ല, എയിംസ് ഇല്ല, ശബരി റയിലിനെക്കുറിച്ചും പരാമര്‍ശമില്ല. ചോദിച്ചതൊന്നും കിട്ടിയില്ലെന്ന് പറഞ്ഞാണ് വിമര്‍ശനം. എയിംസിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉള്‍പ്പടെ പ്രചാരണം ശക്തമാണ്. മറുപടി കേരളത്തിലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ബജറ്റിൽ കേരളത്തിനായുള്ള കാര്യങ്ങള്‍ നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിവുണ്ടോയന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ചോദ്യം. ബജറ്റ് ചർച്ചയിൽ ധന മന്ത്രിയുടെ മറുപടിയിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് പാര്‍ട്ടി നേതാക്കള്‍.

പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം

കേന്ദ്ര ബജറ്റിലെ അവ​ഗണനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ബജറ്റിലെ അവ​ഗണനയെ കുറിച്ച് പാർലമെന്റിൽ രാഹുൽ ​ഗാന്ധി ഇന്ന് സംസാരിക്കും. ഇന്ന് പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച തുടങ്ങും. ഇന്നും നാളെയും മറ്റന്നാളുമായി നന്ദി പ്രമേയ ചർച്ച പൂർത്തിയാകും. നാലാം തീയതി പ്രധാനമന്ത്രി മറുപടി പറയും. അഞ്ചാം തീയതി മുതലാണ് ബജറ്റിൻമേൽ ചർച്ച. പതിനൊന്നിനാണ് ധനമന്ത്രി മറുപടി നൽകുന്നത്.

YouTube video player