കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ വോട്ട് ലഭിച്ചെങ്കിലും മുന്നണി നടത്തിയ പ്രവർത്തനങ്ങൾക്ക്  അർഹമായ ഫലം ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ.

കൊച്ചി: ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃക്കാക്കരയിൽ ഇടത് മുന്നണിക്കുണ്ടായ തോൽവി വിലയിരുത്താൻ സിപിഎം. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച മന്ത്രി പി രാജീവ് അടക്കമുളളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഇറക്കി വൻ പ്രചാരണമായിരുന്നു തൃക്കാക്കരയിൽ സിപിഎം നടത്തിയത്. സ്ഥാനാർത്ഥിയും പ്രചാരണം നയിച്ച നേതാക്കളും ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും ഫലം വന്നപ്പോൾ വിധി യുഡിഎഫിന് അനുകൂലമായി. സിപിഎം ജില്ലാ കമ്മറ്റിയുടെ കണക്കുകൾ അമ്പേ പരാജയപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ വോട്ട് ലഭിച്ചെങ്കിലും മുന്നണി നടത്തിയ പ്രവർത്തനങ്ങൾക്ക് അർഹമായ ഫലം ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന യോഗമായതിനാൽ തൃക്കാക്കര ചർച്ചയാകുമെങ്കിലും സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുന്ന വിശദമായ യോഗം പിന്നീടുണ്ടാകും. 

'വിജയിക്ക് അനുമോദനം'; ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുന്നു, തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് ജോ ജോസഫ്

തുടക്കം മുതൽ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കൾ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തെരഞ്ഞെടുപ്പ് തോൽവി. സിറോ മലബാർ സഭയുമായി ധാരണയിലെത്തി നാടകീയമായി ഡോക്ടർ ജോ ജോസഫിനെ രംഗത്തിറക്കിയത് പി.രാജീവിന്‍റെ തന്ത്രമായിരുന്നു. എന്നാൽ തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലാണ് മണ്ഡലത്തിൽ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച മന്ത്രി പി രാജീവിന്. പാർട്ടി സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിൽ അവതരിപ്പിച്ചതെന്നും അതിൽ പോരായ്മയുണ്ടായിട്ടില്ലെന്നും രാജീവ് പറഞ്ഞു. വലത് പക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വന്ന മണ്ഡലത്തിൽ സാധ്യമാകുന്ന രീതിയിൽ മുന്നേറാൻ ഇടത് മുന്നണി ശ്രമിച്ചു. എന്നാൽ ഇടത് വിരുദ്ധ വോട്ടുകൾ ഏകീകരിച്ചതും പിടി തോമസ് സഹതാപഘടകവും പ്രവർത്തിച്ചത് തിരിച്ചടിയായി. എതിരാളികൾ ഇടത് മുന്നണിക്കെതിരെ ഒരുമിച്ചു. കണക്കുകൾ നോക്കുമ്പോൾ തൃക്കാക്കരയിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടും വോട്ട് ശതമാനവും കൂടിയെന്നും രാജീവ് വിശദീകരിക്കുന്നു.

'ആ സൗഭാഗ്യം തേടി വരാൻ തൃക്കാക്കരക്കാർ സമ്മതിച്ചില്ല', മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമാ തോമസ്