കൊച്ചി ലിസി ആശുപത്രിയില്‍ ജോ ജോസഫ് ജോലി ചെയ്യുന്ന ഹൃദയ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്‍റെ തലവനാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം.

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ (Thrikkakara by election) എൽഡിഎഫ് സ്ഥാനാർത്ഥിയായി (LDF Candidate) മത്സരിക്കുന്ന ഡോ. ജോ ജോസഫിന് (dr joe joseph), നാമനിർദ്ദേശപത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകി രാജ്യത്തെ ഏറ്റവും പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധരിൽ ഒരാളായ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. കൊച്ചി ലിസി ആശുപത്രിയില്‍ ജോ ജോസഫ് ജോലി ചെയ്യുന്ന ഹൃദയ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്‍റെ തലവനാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം.

പ്രമുഖ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ജോ ജോസഫ് കെട്ടിവെക്കാനുള്ള പണം ഏറ്റുവാങ്ങിയതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയും ആംആദ്മിയും ) ചേർന്ന് സ്ഥാനാർഥിയെ നിർത്താത്തത് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫും. ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവർ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാർഥി ഡോ. ജോ ജോസഫ് പറഞ്ഞു.

ട്വന്റി ട്വന്റിയും ആം ആദ്മിയും ഉയർത്തിയ രാഷ്ട്രീയം ഇപ്പോൾ ആരാണ് ഉയർത്തുന്നതെന്ന് നോക്കിയാൽ മതി. വിജയത്തെ കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്നും ഇടതുപക്ഷ സ്ഥാനാർഥി ഡോ. ജോ ജോസഫ് പറഞ്ഞു. എന്നാല്‍, തൃക്കാക്കരയിൽ ആം ആദ്മി സ്ഥാനാർഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പ്രതികരിച്ചു. ആര് സ്ഥാനാർഥിയെ നിർത്തിയാലും ഇല്ലെങ്കിലും തൃക്കാക്കരയിൽ ജയം ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു.

അതേസമയം 20 20യും ആം ആദ്മിയും മൽസരിക്കാത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യും. യു ഡി എഫ് ഒരു ചർച്ചയും 20 20യുമായി നടത്തിയിട്ടില്ല. ശ്രീനിജൻ എം എൽ എയെ ആയുധമാക്കി കിറ്റക്സ് എന്ന സ്ഥാപനത്തെ ഇവിടെ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യു ഡി എഫ് കൂട്ടുനിൽക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.