Asianet News MalayalamAsianet News Malayalam

പണക്കിഴി വിവാദത്തില്‍ ബദല്‍ നീക്കവുമായി യുഡിഎഫ്; മുന്‍ ഇടത് ഭരണസമിതിക്കെതിരെ കോടികളുടെ അഴിമതി ആരോപണം

കഴിഞ്ഞ ഭരണകാലത്ത് മൂന്ന് പദ്ധതികളിലായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി വിജിലൻസിന് കത്ത് നല്‍കി.

thrikkakara municipal corporation udf alleges corruption against ldf
Author
Kochi, First Published Sep 7, 2021, 7:23 AM IST

കൊച്ചി: പണക്കിഴി വിവാദത്തില്‍ പ്രതിരോധത്തിലായ തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് നേതൃത്വം മുന്‍ ഇടത് ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളുമായി രംഗത്ത്. കഴിഞ്ഞ ഭരണകാലത്ത് മൂന്ന് പദ്ധതികളിലായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി വിജിലൻസിന് കത്ത് നല്‍കി. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിജിലന്‍സ് മൂടിവെച്ചെന്നും യുഡിഎഫ് ആരോപിക്കുന്നു.

പണക്കിഴി വിവാദത്തില്‍ ആടിയുലയുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് ഭരണസമിതി. മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. അധ്യക്ഷയുടെ ചേബംറില്‍ നിന്ന് കവറുമായി കൗണ്‍സില്‍ അംഗങ്ങള്‍ പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും വിജിലന്‍സ് ശേഖരിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അഴിമതി ആരോപണം ഉന്നയിച്ച് ഇടതു മുന്നണിയെ ലക്ഷ്യം വെക്കാനുള്ള യുഡിഎഫ് തീരുമാനം.

മുൻ ഭരണ സമിതിയുടെ കാലത്ത് മൂന്ന് മരാമത്ത് ജോലികളില്‍ പത്ത് കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് യുഡിഎഫ് ആരോപണം. നഗരസഭാ കെട്ടിടത്തിന്റെ നവീകരണം, എൽഇഡി വിളക്കുകൾ സ്ഥാപിക്കല്‍, പാപ്പാളി റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യൽ, എന്നിവയിലാണിത്. കഴിഞ്ഞ ഫെബ്രുവരി ആറിന് ചേര്‍ന്ന് നഗരസഭാ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് പ്രമേയം പാസാക്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് മുനിസിപ്പല്‍ സെക്രട്ടറി വിജിലന്‍സിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. പണക്കിഴി വിവാദത്തില്‍ നഗരസഭക്ക് പുറത്തേക്ക് സമരം വ്യാപിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് യുഡിഎഫിന്‍റെ ബദല്‍ നീക്കം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios