സ്ഥാനാർത്ഥിയാരെന്ന് പാർട്ടിയും മുന്നണിയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് അരുൺ കുമാറിന്റെ പോസ്റ്റർ സഹിതം പിവി ശ്രീനിജൻ എംഎൽഎ പ്രചരിപ്പിച്ചത് പാർട്ടി പരിശോധിക്കും

തിരുവനന്തപുരം: പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ പുതിയ വിവാദം. സ്ഥാനാർത്തി നിർണയവുമായി ബന്ധപ്പെട്ട വാർത്താ ചോർച്ചയിലാണ് സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന അഡ്വ എസ് അരുൺ കുമാറിന്റെ വ്യക്തിഗത വിവരങ്ങൾ കൈമാറിയതിലടക്കം വിമർശനമുണ്ട്. പാർട്ടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് ബയോഡാറ്റ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. സിപിഎം ജില്ലാ നേതൃയോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് അതൃപ്തി ഉയർന്നത്. സ്ഥാനാർത്ഥിയാരെന്ന് പാർട്ടിയും മുന്നണിയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് അരുൺ കുമാറിന്റെ പോസ്റ്റർ സഹിതം പിവി ശ്രീനിജൻ എംഎൽഎ പ്രചരിപ്പിച്ചത് പാർട്ടി പരിശോധിക്കും. പോസ്റ്റർ വിവാദത്തിന് പിന്നാലെ പിവി ശ്രീനിജൻ പിൻവലിച്ചിരുന്നു.

തൃക്കാക്കരയിൽ അഡ്വ കെ എസ് അരുൺകുമാർ തന്നെ ഇടത് സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ജില്ലാ കമ്മിറ്റി തീരുമാനം നാളെ ചേരുന്ന എൽഡിഎഫ് യോ​ഗം അംഗീകരിച്ച ശേഷമാകും ഒദ്യോഗിക പ്രഖ്യാപനം. അതേസമയം മാധ്യമ വാർത്തകൾ ശരിയല്ലെന്നും സ്ഥാനാർത്ഥി ചർച്ച തുടരുകയാണെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു. പ്രഖ്യാപനം വരുന്നതിന് മുൻപ് കെ.എസ് അരുൺകുമാറിന് വേണ്ടി തുടങ്ങിയ ചുവരെഴുത്ത് നേതാക്കൾ ഇടപെട്ട് നിർത്തിവെപ്പിച്ചു.

 വികസനം ചർച്ചയാക്കി വോട്ട് പിടിക്കാൻ യുവ സ്ഥാനാർത്ഥി എന്ന നിലയിലാണ് കെ.എസ് അരുൺകുമാറിന്‍റെ പേരിലേക്ക് സിപിഎം എത്തിയത്. ലെനിൻ സെന്ർ‍ററിൽ ചേർന്ന് ജില്ലാ സെക്രട്ടറിയേറ്റും പിന്നീട് ചേർന്ന് ജില്ലാ കമ്മിറ്റിയും അരുൺ കുമാറിന്‍റെ പേരാണ് നിർദ്ദേശിച്ചത്. തീരുമാനം വാർത്തയായി വന്നതിന് പിറകെ നേതാക്കൾ പരസ്യമായി ഇത് നിഷേധിച്ചു .

സ്ഥാനാർത്ഥിയുടെ പേര് മുന്നണിയിൽ ആലോചിക്കും മുൻപ് ഏകപക്ഷീയമായി തീരുമാനിച്ചെന്ന പഴി ഒഴിവാക്കാനാണ് പ്രഖ്യാപനം നാളത്തേക്ക് നീട്ടിയത്. നാളെ 11 മണിക്ക് എൽഡിഎഫ് യോഗ ചേർന്ന് പേര് ഒദ്യോഗികമായി അംഗീകരിക്കും. നേതാക്കൾ മാധ്യമങ്ങളെ വിമർശിക്കുമ്പോൾ മണ്ഡലത്തിൽ ചുവരെഴുത്ത് തുടങ്ങിയിരുന്നു. കാക്കനാടും പരിസരങ്ങളിലുമായിരുന്നു ബോർഡുകൾ എഴുതിത്തുടങ്ങിയത്. പ്രഖ്യാപനത്തിന് മുൻപുള്ള ചുവരെഴുത്തും വാർത്തയായതോടെ നേതാക്കൾ ഇടപെട്ട് പ്രചാരണ ബോർ‍ഡെഴുത്ത് നിർത്തിവെപ്പിച്ചു. പിന്നാലെ പ്രവർത്തകർ പെയിന്റുമായി മടങ്ങി. കെ റെയിലിനായുള്ള ഇടത് പ്രചാരണത്തിൽ സജീവമായ അരുൺകുമാറിനെ രംഗത്തിറക്കി വികസന അജണ്ട ഉയർത്താനാണ് സിപിഎം പദ്ധതി. സാമുദായിക പരിഗണന നോക്കാതെ ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്തി ശക്തമായ രാഷ്രീയ മത്സരത്തിന് കൂടിയാണ് സിപിഎം കളമൊരുക്കുന്നത്.