ഇടതു-വലതു മുന്നണികൾ മാറിമാറി ഭരിച്ച തൃശൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ വളർച്ചയോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. പത്മജ വേണുഗോപാലിന്റെ മുന്നണി മാറ്റവും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട് കണക്കുകളും വരുന്ന തിരഞ്ഞെടുപ്പ് പ്രവചനാതീതമാക്കുമെന്ന് ഉറപ്പാണ്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 946 വോട്ടുൾക്ക് ഇടുതുപക്ഷം സീറ്റ് നിലമനിർത്തിയ മണ്ഡലമാണ് തൃശൂർ. ഇപ്രാവശ്യവും കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാവുന്ന മണ്ഡലം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (LDF) ഐക്യ ജനാധിപത്യ മുന്നണിയും (UDF) മാറിമാറി വിജയിച്ചിട്ടുള്ള ചരിത്രമാണ് തൃശൂരിനുള്ളത്. സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോൺ​ഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഎഡിഎഫും തമ്മിലായിരുന്നു മുൻകാലങ്ങളിൽ‌ പ്രധാന പോരാട്ടമെങ്കിൽ‌ സമീപകാലത്ത് ഇവിടെ ബിജെപി വലിയ സ്വധീനം ഉറപ്പിച്ചിട്ടുണ്ട്.

2021ലെ തെരഞ്ഞെടുപ്പിൽ‌ കോൺ​ഗ്രസ് സ്ഥാനാർ‌ഥിയായി മത്സരിച്ചത് പത്മജ വേണു​ഗോപാൽ‌ ആയിരുന്നു. ചെറിയ ഭൂരിപക്ഷത്തിനാണ് സിപിഐ സ്ഥാനാർഥിയായിരുന്ന പി ബാലചന്ദ്രൻ വിജയിച്ചു കയറിയത്. എന്നാൽ 2026ലെ തെരഞ്ഞെടുപ്പിൽ പത്ജമ വേണു​ഗോപാൽ ബിജെപി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപിയുടെ വോട്ട് വിഹിതത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നതും, പത്മജ വേണു​ഗോപാൽ സ്ഥാനാർഥിയാകുന്നതും ബിജെപിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന തൃശൂര്‍ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി സിപിഐക്ക് ഒപ്പമാണ്. 2011 ല്‍ മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍ വിജയിച്ചു. 2016 ല്‍ സിപിഐ സ്ഥാനാര്‍ഥിയായി വി എസ് സുനില്‍ കുമാര്‍ തൃശൂരിനെ ഇടത് പക്ഷത്തിന് ഒപ്പം നിര്‍ത്തി. 2021 ല്‍ പി ബാലചന്ദ്രന്‍ സിപിഐയുടെ വിജയം ആവര്‍ത്തിക്കുകയും ചെയ്തു.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന രവികുമാർ ഉപ്പത്ത് 6,697 വോട്ടുകളാണ് നേടിയത്. 2016 ആയപ്പോഴേക്കും ബി ​ഗോപാലകൃഷ്ണൻ അത് 24,748 ആക്കി വർധിപ്പിച്ചു. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി 40,457 ആക്കി ഉയർത്തിയ കാഴ്ചയാണ് കണ്ടത്. അതുമാത്രമല്ല, വിജയിച്ച സിപിഐ സ്ഥാനാർഥി പി ബാലചന്ദ്രൻ ആകെ നേടിയത് 44,263 വോട്ടുകളായിരുന്നു. രണ്ടാമതെത്തിയ പത്മജ വേണു​ഗോപാൽ നേടിയത് 43,317 വോട്ടുകൾ. മൂന്നാം സ്ഥാനത്ത് എത്തിയ സുരേഷ് ​ഗോപി നേടിയതാകട്ടെ 40,457 വോട്ടുകളും. ഈ കണക്കുകൾ വ്യക്തമാക്കുന്നത്, മണ്ഡലത്തിൽ ഇപ്രാവശ്യം ശക്തമായ ത്രികോണ മത്സരം നടക്കും എന്നതുതന്നെയാണ്.

തൃശൂർ കോർപ്പറേഷനിലെ 1 മുതൽ 11 വരെയും 14 മുതൽ 22 വരെയും 32 മുതൽ 39 വരെയും 43 മുതൽ 50 വരെയുമുള്ള വാർഡുകൾ തൃശൂർ നിയമസഭാ മണ്ഡലത്തിലാണ്. കേരളത്തിന്റെ 'സാംസ്കാരിക തലസ്ഥാനം' എന്ന് വിളിക്കപ്പെടുന്ന തൃശൂർ നഗരവും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന ഈ മണ്ഡലം ചരിത്രപരമായും രാഷ്ട്രീയപരമായും ഏറെ പ്രാധാന്യമുള്ളതാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത് തൃശൂരിൽ ആയതുകൊണ്ടുതന്നെ, നിയമസഭ തെരഞ്ഞെടുപ്പിലും അത് ആവർത്തിക്കുമെന്നുതന്നെയാണ് ബിജെപി കേന്ദ്രങ്ങളുടെ കണക്കുകൂട്ടലുകൾ. എൽഡിഎഫിൻ്റെ വോട്ട് കഴിഞ്ഞ മൂന്ന് തെര‍ഞ്ഞെടുപ്പിലും കീഴ്പ്പോട്ടുപോകുന്ന അവസ്ഥയാണുള്ളത്. ത്രികോണ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത് എന്ന് പറയുമ്പോഴും, പ്രധാനപാർട്ടിയുടെ വോട്ട് നില കീഴ്പോട്ടു പോകുന്ന സാഹചര്യത്തിൽ യുഡിഎഫ്- ബിജെപി പോരാട്ടമാണ് ഇപ്രാവശ്യം നടക്കുക എന്നും വേണമെങ്കിൽ പറയാം. സിപിഐ മൂന്നാം സ്ഥാനത്തോക്ക് പോകുമെന്ന കാര്യ തള്ളി കളയാൻ സാധിക്കില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിലുടനീളം ബിജെപി ഉണ്ടാക്കിയ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്. എന്നാൽ, രാഷ്ട്രീയ മാറ്റങ്ങളും സ്ഥാനാർത്ഥി നിർണ്ണയവും മണ്ഡലത്തിൽ പ്രവചനാതീതമായ പോരാട്ടത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്.

പത്മജ വേണുഗോപാൽ: പാരമ്പര്യവും പുതിയ ചിഹ്നവും

ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പത്മജ വേണുഗോപാലിന് മണ്ഡലത്തിലുള്ള സ്വാധീനം വ്യക്തമാണ്. കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്തവർ ഇത്തവണ താമരയ്ക്ക് വോട്ട് ചെയ്യുമോ എന്നതാണ് പ്രധാന ചോദ്യം. ബിജെപിയുടെ 40,000-ത്തോളം വരുന്ന അടിസ്ഥാന വോട്ടുകൾക്കൊപ്പം കെ കരുണാകരന്റെ പാരമ്പര്യം കൂടി ചേരുമ്പോൾ വിജയിക്കാമെന്നാണ് പത്മജയുടെ കണക്കുകൂട്ടൽ. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനം പത്മജയ്ക്ക് ആശങ്ക നൽകുന്ന ഘടകമാണ്.

രാജൻ പല്ലൻ: ജനകീയനായ പ്രാദേശിക നേതാവ്

യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്ന രാജൻ പല്ലൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ എന്ന നിലയിൽ മണ്ഡലത്തിന് ഏറെ പരിചിതനാണ്.

മണ്ഡലത്തിലെ വോട്ടർമാരുമായുള്ള അടുത്ത ബന്ധവും കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനപരിചയവും അദ്ദേഹത്തിന് കരുത്താകാനുള്ള സാധ്യതയുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ 'പുറത്തുനിന്നുള്ള' ആളാണെന്ന തോന്നൽ വോട്ടർമാരിലുണ്ടായാൽ, ബിജെപിയെ തടയാൻ ആഗ്രഹിക്കുന്ന നിഷ്പക്ഷ വോട്ടുകൾ രാജൻ പല്ലനിലേക്ക് ഒഴുകാൻ സാധ്യതയുണ്ട്.

ആലങ്കോട് ലീലാകൃഷ്ണൻ: സാംസ്കാരിക മുഖം

സിപിഐക്ക് വേണ്ടി കവി കൂടിയായ ആലങ്കോട് ലീലാകൃഷ്ണനാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.പൊന്നാനി സ്വദേശിയായ ഇദ്ദേഹം തൃശ്ശൂർ ജില്ലക്കാരനല്ല എന്നത് പ്രചാരണത്തിൽ എതിരാളികൾ ആയുധമാക്കുന്നുണ്ട്. രാഷ്ട്രീയ പോരാട്ടം കടുക്കുന്ന മണ്ഡലത്തിൽ ഒരു സാംസ്കാരിക പ്രവർത്തകനെ ഇറക്കിയതിലൂടെ സിപിഐ മത്സരം ഗൗരവമായി കാണുന്നില്ലെന്ന തോന്നൽ വോട്ടർമാരിലുണ്ടാകുന്നത് എൽഡിഎഫിന് തിരിച്ചടിയായേക്കാം.

നിർണ്ണായകമാകുന്ന സാമുദായിക വോട്ടുകൾ

നേരത്തെ സുരേഷ് ഗോപിക്ക് ലഭിച്ചിരുന്ന ക്രൈസ്തവ വോട്ടുകൾ ഇത്തവണ കോൺഗ്രസിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇത് യുഡിഎഫിന് വലിയ ആശ്വാസം നൽകും. മണ്ഡലത്തിലെ വലിയൊരു വിഭാഗം വരുന്ന ഈഴവ വോട്ടുകൾ ആലങ്കോട് ലീലാകൃഷ്ണനെ തുണയ്ക്കുമോ അതോ ബിജെപിയെ തടയാൻ കോൺഗ്രസിനൊപ്പം നിൽക്കുമോ എന്നത് കണ്ടറിയണം.