വ്യാജ കേസിന്റെ പേരിൽ കുറ്റപ്പെടുത്തൽ നേരിടേണ്ടി വന്നതിൽ മാനസിക വിഷമമുണ്ടായി എന്ന് പറഞ്ഞ ഷീല സണ്ണി  തന്നെ കുടുക്കിയവരുടെ ഉദ്ദേശ്യം എന്തെന്ന് അറിയണമെന്നും കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം സംസാരിക്കുകയായിരുന്നു ഷീല സണ്ണി.  

കൊച്ചി: രണ്ടാമത് ആരംഭിച്ച ബ്യൂട്ടി പാർലർ പൂട്ടേണ്ടി വന്നെന്നും ജീവിതം വഴി മുട്ടിയെന്നും വ്യാജ എൽഎസ്ഡി കേസിൽ കുറ്റാരോപിതയായ തൃശ്ശൂരിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട്. പുതിയ അന്വേഷണ സംഘം തന്റെ മൊഴി എടുത്തിട്ടുണ്ടെന്നും ഷീല സണ്ണി പറഞ്ഞു. നാരായണ ദാസിന് തന്നോട് വൈരാ​​ഗ്യം തോന്നേണ്ട കാരണം അറിയില്ല. വ്യാജ കേസിന്റെ പേരിൽ കുറ്റപ്പെടുത്തൽ നേരിടേണ്ടി വന്നതിൽ മാനസിക വിഷമമുണ്ടായി എന്ന് പറഞ്ഞ ഷീല സണ്ണി തന്നെ കുടുക്കിയവരുടെ ഉദ്ദേശ്യം എന്തെന്ന് അറിയണമെന്നും കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം സംസാരിക്കുകയായിരുന്നു ഷീല സണ്ണി.

നീതി കിട്ടുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ചെന്നൈയിലാണ് ഉള്ളതെന്നും രണ്ടാമത് ആരംഭിച്ച പാർലർ വിജയിച്ചില്ലെന്നും ഷീല സണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു വർഷം പാർലർ കൊണ്ടുനടന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. പാർലർ പൂട്ടേണ്ടി വന്നു. ഇപ്പോള്‍ ചെന്നൈയിലെ ഡേ കെയർ സെന്ററിൽ ആയയായി ജോലി ചെയ്യുകയാണ് ഷീല സണ്ണി. ആറ് മാസമായി അവിടെയാണ്. 

''പുതിയ അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. അവർ എന്റെ മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം നടക്കട്ടെ. നാരായണ ​ദാസിനെ എനിക്കറിയില്ല. മാധ്യമങ്ങൾ വഴിയാണ് കേസിനെക്കുറിച്ചുള്ള വാർത്തകൾ അറിയുന്നത്. എനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയ്ക്ക് വൈരാ​ഗ്യം തോന്നേണ്ട കാര്യമെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. മയക്കുമരുന്ന് വെച്ച് എന്നെ അകത്താക്കേണ്ട കാര്യമെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത് വെച്ച അവർക്ക് മാത്രമേ അറിയൂ ഇത് എന്തിന് വേണ്ടിയായിരുന്നു എന്ന്.'' ഷീല പറഞ്ഞു. 

ഈ പ്രശ്നത്തിന് ശേഷം എന്‍റെ കുടുംബം തന്നെ ചിന്നിച്ചിതറിയ അവസ്ഥയിലാണ്. ഒരുപാട് അനുഭവിച്ചു. ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ പലരും കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ഞാന്‍ തെറ്റ് ചെയ്തില്ലെന്ന് എനിക്കറിയാം. എന്നാലും കേള്‍ക്കുമ്പോള്‍ ഒരു വിഷമം ഉണ്ടാകും. ആരെയും ബുദ്ധിമുട്ടിക്കാനൊന്നും പോകുന്നില്ല, ആത്മഹത്യയെക്കുറിച്ച് ആദ്യമൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ അതൊരു പരിഹാരമല്ലല്ലോ. നമ്മള് ജിവിച്ച് കാണിക്കണ്ടേ? എന്‍റെ ബാധ്യതകള്‍ എനിക്ക് തീര്‍ക്കണം, എനിക്ക് നീതി കിട്ടണം. എന്തിന് വേണ്ടിയാണിതെന്ന് ചെയ്തതെന്ന് എനിക്കറിയണം. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. നല്ലത് പ്രതീക്ഷിക്കുന്നു. എന്തായാലും കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകും. ബാധ്യതകളൊക്കെ കഴിയുമ്പോള്‍ തിരികെ നാട്ടിലേക്ക് വരും. ഷീല സണ്ണി പറഞ്ഞവസാനിപ്പിച്ചു.

'എൻ്റെ കുടുംബം ചിന്നിച്ചിതറി, ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ ഒരുപാട് വിഷമിച്ചു'; ഷീല സണ്ണി