സംസ്ഥാന സ്കൂൾ ഗെയിംസിന്‍റെ നടത്തിപ്പിലെ വീഴ്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെ തള്ളി തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ്
തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്‍റെ നടത്തിപ്പിലെ വീഴ്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെ തള്ളി തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ്. കായിക മേളയുമായി ബന്ധപ്പെട്ട് ഒരു കാര്യം പോലും കോർപ്പറേഷനുമായി ആലോചിച്ചിട്ടല്ല നടത്തിയതെന്നും ഉദ്ഘാടനത്തിന്‍റെ അറിയിപ്പ് മേയർക്കും ഡെപ്യൂട്ടി മേയർക്കും നൽകിയത് ഉദ്ഘാടനത്തിന്‍റെ തലേന്ന് രാത്രി മാത്രമാണ്, കോർപ്പറേഷൻ ഭരണ സമിതിയുമായി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചിട്ടില്ല. നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ കിട്ടില്ല എന്നും എ പ്രസാദ് പറഞ്ഞു. കൗണ്‍സില്‍ യോഗത്തിനിടെയാണ് വിമർശനം. കായിക മേളയ്ക്ക് ഉദ്ഘാടകനെ കിട്ടാതെയായപ്പോൾ തന്നെ ഉദ്ഘാടകയാക്കി എന്ന് തൃശൂർ മേയർ ഡോ. നിജി ജസ്റ്റിനും വിമർശനം നടത്തി.മേളയിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് സർക്കാരിനോടാവശ്യപെടും എന്നതാണ് നിലവില്‍ കോർപ്പറേഷൻ നിലപാട്. നിലവില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുകയാണ്.
കടുപ്പിച്ച് പ്രതിപക്ഷം
സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങളുടെ നടത്തിപ്പിലെ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കായിക വകുപ്പ് മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും, കായിക മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചിട്ടുണ്ട്. ഗെയിംസിന്റെ നടത്തിപ്പിൽ കായിക വകുപ്പിന് പങ്കില്ലെന്നാണ് വിഷയത്തിൽ മന്ത്രി ഓ ജെ ജനീഷിന്റെ മറുപടി . അതിനിടെ നീന്തൽ കുളത്തിന്റെ ഗ്യാലറിയുടെ മേൽക്കൂര തകർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരത്തിന്റെ നടത്തിപ്പിലെ വീഴ്ച സർക്കാരിന് വലിയ നാണക്കേടായി. മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ നീന്തൽകുളത്തിന്‍റെ മേൽക്കൂര തകർന്നു വീണതും, മത്സരങ്ങൾ പൂർത്തിയാക്കാനാതെ കായിക താരങ്ങൾ മടങ്ങിയതും വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സംഘാടനത്തിലെ വീഴ്ചയിൽ സർക്കാരിനെതിരെ തുറന്നടിക്കുകയാണ് പ്രതിപക്ഷം. കുട്ടികൾക്ക് മലിനജലം വരെ കുടിക്കേണ്ട സാഹചര്യം ഉണ്ടായി എന്നും, മന്ത്രിമാർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഇതിനിടെ മേൽക്കൂര തകർന്നുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദീൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സംഘാടനത്തിലെ വീഴ്ചയെ സംബന്ധിച്ച് രക്ഷിതാക്കൾ ഉയർത്തിയ പരാതിയിൽ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ മാറ്റിവെച്ച സംസ്ഥാന സ്കൂൾ ഗെയിംസിലെ നീന്തൽ മത്സരങ്ങൾ എന്ന് നടക്കുമെന്നതിലും അനിശ്ചിതത്വം തുടരുകയാണ്.



