തൃശൂരിന്‍റെ മാലിന്യം തള്ളി കുപ്പത്തൊട്ടിയായി മാറിയ സ്ഥലമായിരുന്നു ലാലൂര്‍. മൂക്ക് പൊത്തിപിടിച്ചല്ലാതെ ആ പരിസരത്തൂടെ നടക്കാൻ പോലും വയ്യാത്ത അവസ്ഥ, സ്വന്തം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടിയ ജനത,  അന്തരീക്ഷത്തിലാകെ  ദുർഗന്ധം, ശുദ്ധ ജലത്തിന്റെ കുറവ്, അങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ കഴിഞ്ഞ ആ നാട് ഇന്ന് മുഖംമിനുക്കിയിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കോർപ്പറേഷൻ ഭരണത്തോടെ വികസനത്തിന്റെ പുത്തൻ മുഖഭാവമാണ് ലാലൂര്‍ ജനത കണ്ടത്. അതുവരെ മാലിന്യ കുമ്പാരമായിരുന്ന ലാലൂരില്‍ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്തു, അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് ഉണ്ടായി, ഒപ്പം ഇൻഡ്യൻ ഫുട്ബാൾ ഇതിഹാസം ഐഎം വിജയന്റെ പേരിൽ ഇന്‍ഡോര്‍ സ്റ്റേഡിയവും ലാലൂരില്‍ ഒരുങ്ങുകയാണ്. മാലിന്യ പറമ്പായി അറിയപ്പെട്ടിരുന്ന ലാലൂർ ഇനി അറിയപ്പെടുന്നത് ഐഎം വിജയൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ പേരിലായിരിക്കും. തന്റെ ഡിവിഷനിലെ മാലിന്യപറമ്പിനെ അപ്പാടെ മാറ്റി വികസനത്തിന്റെ പുത്തൻ മുഖച്ഛായ കൊണ്ടുവന്നത് കൗൺസിലർ അനൂപ് ഡേവിസ് കാടയാണ്. വികസന പ്രവർത്തങ്ങളിൽ കോർപറേഷനിൽ തന്നെ ഏറെ മുന്നിലാണ് അനൂപ് ഡേവിസ് കാട
 

രാജ്യാന്തര നിലവാരത്തില്‍ മൂന്നു സ്റ്റേഡിയങ്ങള്‍. ലോകനിലവാരത്തിലുള്ള നീന്തൽക്കുളം. ഇങ്ങനെ പോകുന്നു ലാലൂരിന്റെ മുഖംമാറ്റം. ഇതു വെറും പ്രഖ്യാപനങ്ങള്‍ അല്ല. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ പണി കഴിയാറായി. ഇതു കഴിഞ്ഞ ഉടനെ ഫുട്ബോള്‍, ഹോക്കി സ്റ്റേഡിയങ്ങളുടെ നിര്‍മാണം തുടങ്ങും.  മാലിന്യം കുന്നുകൂടിയ മലകൾ മാത്രം ഉണ്ടായിരുന്ന ലാലൂര്‍ ഇന്ന് അതിവേഗ വികസനത്തിന്റെ പാതയിലാണ്. മുഖംമിനുക്കിയ ലാലൂരിൽ എല്ലാ തലങ്ങളിലും നിറഞ്ഞുനിൽക്കുന്നത്‌ വികസനം തന്നെയാണ്.