ഇടത് അനുകൂല സംഘടനാ നേതാവിനെ തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയപ്പോൾ സർക്കാർ ജീവനക്കാരിയായ പി.കെ. സബ്‌നയ്ക്ക് ജോലി നഷ്ടമായി. പിഎസ്‌സി വഴി നിയമനം നേടി ആറ് വർഷമായി ജോലി ചെയ്യുന്ന തന്നെ പിരിച്ചുവിട്ട സർക്കാർ ഉത്തരവിനെതിരെ സബ്‌ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു

തൃശ്ശൂർ: ഇടത് അനുകൂല സംഘടനാ നേതാവിനെ തിരുവനന്തപുരത്ത് നിന്ന് സ്ഥലംമാറ്റിയപ്പോൾ തൃശ്ശൂരിൽ സർക്കാർ ജീവനക്കാരിയുടെ ജോലി പോയെന്ന് പരാതി. തൃശ്ശൂർ ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസിലെ ഓഫീസ് അറ്റൻ്റൻ്റ് പികെ സബ്‌ന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് ആസ്ഥാനത്ത്, ബോർഡ് വൈസ് ചെയർപേഴ്‌സൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ എൻ.ഡി അജീഷിനെ സ്ഥലംമാറ്റി നിയമിക്കുന്നതിനാലാണ് സബ്‌നയെ ജോലിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുന്നതെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെയാണ് ഇടത് സംഘടനാ നേതാവായ അജീഷിനെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയത്. അജീഷിന് തൃശ്ശൂരിൽ നിയമനം നൽകേണ്ട സാഹചര്യത്തിൽ, ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസിൽ ഈ തസ്തികയിൽ മറ്റ് ഒഴിവുകളില്ലെന്നതാണ് സബ്‌നയെ ജോലിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യാനുള്ള കാരണമായി ഉത്തരവിൽ പറയുന്നത്. അതേസമയം അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സബ്‌നയുടെ പരാതിയിൽ സ്റ്റേ അനുവദിച്ചതായാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

ഉത്തരവിൽ പറയുന്നത് ഇങ്ങനെ

സംസ്ഥാന സർക്കാരിൻ്റെ കാലാവധി അവസാനിച്ചതോടൊപ്പം സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൻ്റെയും കാലാവധി അവസാനിച്ചു. ഈ സാഹചര്യത്തിൽ വൈസ് ചെയർപേഴ്‌സൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അജീഷിനെ സംസ്ഥാന പ്ലാനിങ് ബോർഡ് ആസ്ഥാനത്ത് ഒഴിവില്ലാത്തതിനാൽ തൃശ്ശൂർ ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസിൽ മാറ്റിനിയമിക്കുന്നു. ഇദ്ദേഹം തൃശ്ശൂരിൽ ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് ഈ ഓഫീസിൽ ഓഫീസ് അറ്റൻ്റൻ്റ് തസ്തികയിൽ ഏറ്റവും ജൂനിയറായ സബ്‌നയെ ജോലിയിൽ ഡിസ്‌ചാർജ് ചെയ്യുന്നു. കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് ചട്ടം ഭാഗം II ചട്ടം ഏഴ് പ്രകാരമാണ് നടപടിയെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പിഎസ്‌സി പരീക്ഷ എഴുതി ഓപ്പൺ വേക്കൻസി വഴിയാണ് താൻ ജോലിയിൽ പ്രവേശിച്ചതെന്ന് സബ്‌ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 'ആകെ റാങ്ക് പട്ടികയിൽ നിന്ന് ജോലി ലഭിച്ച 74 പേരിൽ 49ാം സ്ഥാനക്കാരിയായിരുന്നു താൻ. കഴിഞ്ഞ ആറ് വർഷമായി ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ആദ്യത്തെ ഒരു വർഷം പ്രൊബേഷൻ പൂർത്തിയാക്കി. അഞ്ച് വർഷമായി സ്ഥിരം ജീവനക്കാരിയാണ്,' - അവർ പറഞ്ഞു. അതേസമയം ഓഫീസ് അറ്റൻ്റൻ്റ് തസ്‌തികയിൽ ഈ വകുപ്പിൽ ഒഴിവുവന്നാൽ സബ്‌ന അപേക്ഷിച്ചാൽ അവർക്ക് ജോലി ലഭിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അല്ലെങ്കിൽ പിഎസ്‌സിയുടെ ജില്ലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്‌ത് പുതിയ നിയമന ശുപാർശ നേടാവുന്നതാണെന്നും ഉത്തരവിലുണ്ട്. ഈ രണ്ട് സാഹചര്യത്തിലും സബ്‌ന വീണ്ടും പ്രൊബേഷൻ കാലാവധി പൂർത്തിയാക്കേണ്ടി വരും. സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സബ്‌ന അഡ്മിനിസിട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. പക്ഷെ താൻ ഉൾപ്പെട്ട റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞതാണെന്നും തന്നെ തൃശ്ശൂരിൽ തന്നെ നിലനിർത്തണമെന്നും അവർ ട്രിബ്യൂണലിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭർത്താവ് പ്രവാസിയാണെന്നും അഞ്ച് വയസുകാരിയായ മകളും മാതാപിതാക്കളും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.