തൃശൂരില്‍ പൂരാവേശത്തിന് കൊടിയേറി. പ്രധാന പങ്കാളികളില്‍ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്‍ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു

തൃശൂര്‍: തൃശൂരില്‍ പൂരാവേശത്തിന് കൊടിയേറി. പ്രധാന പങ്കാളികളില്‍ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്‍ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പഞ്ചാരിമേളം കലാശിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികള്‍ തയാറാക്കിയ കൊടിമരം ആഘോഷപൂര്‍വ്വം കൊടിച്ചോട്ടിലെത്തിച്ചു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടതിനുശേഷം കൊടിക്കാലില്‍ കൊടിക്കൂറകെട്ടി.

 കുരവയുടെയും ആര്‍പ്പിന്‍റെയും അകമ്പടിയോടെ തിരുവമ്പാടിയുടെ കൊടി വാനിലുയര്‍ന്നു. പിന്നീട് നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരക്കൊടി ഉയര്‍ന്നു. പിന്നാലെ പതിനൊന്നരയോടെ പാറമേക്കാവിന്‍റെ ഊഴം. വലിയ പാണിയ്ക്ക് ശേഷം പുറത്തേക്ക് എഴുന്നെള്ളിയ ദേവിയെ സാക്ഷി നിര്‍ത്തിയാണ് ദേശക്കാര്‍ കൊടി ഉയര്‍ത്തിയത്. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തില്‍ നില്‍ക്കുന്ന പാല മരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ പാറമേക്കാവ് ഉയര്‍ത്തി. എട്ടു ഘടക ക്ഷേത്രത്തില്‍ ലാലൂരാണ് ആദ്യം കൊടിയേറ്റിയത്. 

പിന്നാലെ അയ്യന്തോളും മറ്റു ഘടക ക്ഷേത്രങ്ങളും കൊടിയേറ്റി. 24 ന് തൃശൂര്‍ പൂരത്തിന്‍റെ ചമയ പ്രദര്‍ശനം നടക്കും. അന്ന് വൈകിട്ട് ഏഴിനാണ് സാംപിള്‍ വെടിക്കെട്ട്. പൂര വിളംബരം അറിയിച്ച് 25ന് നെയ്തലക്കാവിലമ്മ തെക്കേ നട തുറന്നിറങ്ങും . 26ന് കാലത്ത് കണിമംഗലം ശാസ്ത്രാവിന്‍റെ വരവോടെ ഘടക പൂരങ്ങളുടെ പുറപ്പാട് ആരംഭിക്കും. പിന്നാലെ മേളാസ്വാദകര്‍ക്കായി തിരുവമ്പാടിയുടെ പഞ്ചവാദ്യവും മേളവും. പിന്നാലെ പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറ മേളം. പിന്നെ വിശ്വപ്രസിദ്ധമായ കുടമാറ്റം. 27 പകല്‍പ്പൂരത്തോടെ ഉപചാരം ചൊല്ലിപ്പിരിയും.

YouTube video player