തൃശ്ശൂര്‍: പ്രൗഡഗംഭീരമായ പകല്‍പൂരവും കഴിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് സമാപനമായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരാവേശം കൊടിയിറങ്ങിയത്. 2020 മെയ് 2 നാണ് ഇനി അടുത്ത പൂരം. 

ശക്തന്‍റെ തട്ടകവാസികളുടെ പൂരമായിരുന്നു ഇന്നത്തേത്. രാവിലെ മണികണ്ഠനാല്‍ പരിസരത്തുനിന്നും പാറമേക്കാവിന്‍റെയും നായ്ക്കനാല്‍ പരിസരത്തുനിന്നും തിരുവമ്പാടിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു. പിന്നെ ഉപചാരം ചൊല്ലാന്‍ നേരമായി. ഇരു ഭഗവതിമാരും ശ്രീമൂല സ്ഥാനത്ത് നിലയുറപ്പിച്ച് അടുത്ത കൊല്ലം കാണാമെന്ന ഉറപ്പില്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. 

തൊട്ടുപിന്നാലെ പകല്‍ വെടിക്കെട്ടും നടന്നു. തിരുവമ്പാടിയുടേതായിരുന്നു ആദ്യ ഊഴം. പിന്നീട്  പാറമേക്കാവ്. നെയ്തലക്കാവിലമ്മയുടെ പൂരവിളംബരം മുതല്‍ പകല്‍ വെടിക്കെട്ട് വരെ ആവേശ കാഴ്ച്ചകളാല്‍ മനസ്സു നിറച്ച് പൂരപ്രേമികളുടെ മടക്കം. ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്.