സ്ഥലത്തുണ്ടായിട്ടും എഡിജിപി എന്തുകൊണ്ട് ഇടപ്പെട്ടില്ലെന്ന് ഡിജിപി ചോദിക്കുന്നു. ദേവസ്വം ആസൂത്രിത നീക്കം നടത്തിയെങ്കിൽ വിശദ അന്വേഷണം നടത്തേണ്ടതല്ലേ എന്നും ഡിജിപി ചോദിച്ചു.

തൃശൂർ: തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ടിൽ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന് വിയോജിപ്പ്. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം ഉന്നയിച്ചാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ ചില നിക്ഷിപ്ത താൽപര്യക്കാരുണ്ടെന്നാണ് എഡിജിപിയുടെ കണ്ടെത്തൽ. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രി അന്വേഷണം പ്രഖാപിക്കുമെന്നാണ് ഇനി അറിയേണ്ടത്.

സിപിഐയും കോണ്‍ഗ്രസും ഉന്നയിച്ച സംശയങ്ങാണ് എം ആര്‍ അജിത് കുമാറിന്‍റെ റിപ്പോർട്ടിനെതിരെ ഡിജിപിയും ഉന്നയിക്കുന്നത്. പൂരത്തിന് മുമ്പേ എഡിജിപി നേരിട്ട് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. പൂരം അലങ്കോലപ്പെടുന്ന ദിവസും എഡിജിപി സ്ഥലത്തുണ്ട്. ക്രമസമാധാന പാലനത്തിലെ പ്രാവീണ്യവും മുൻ അനുഭവങ്ങളുമുണ്ടായിട്ടും ഇടപെട്ടില്ല. ഒരാഴ്ച കൊണ്ട് തീര്‍ക്കേണ്ട അന്വേഷണം അഞ്ച് മാസത്തോളം നീണ്ടു. പൂരം കലക്കിതിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികള്‍ക്ക് പങ്കുള്ളതായി എഡിജിപി പറയുന്നില്ല. പക്ഷെ തിരുവമ്പാടി ദേവസ്വത്തിന്‍റെ പങ്കിനെ കുറിച്ച് റിപ്പോ‍ട്ടിൽ സംശയമുന്നയിക്കുന്നു. രാത്രി 12.30ക്ക് ബാരിക്കേഡുകള്‍ സ്ഥാപിച്ച ശേഷമാണ് പൊലീസുമായി പ്രശ്നങ്ങളുണ്ടാകുന്നത്. പിന്നാലെ ഡിഐജി ഉള്‍പ്പെടെയെത്തി അനുനയ ചർച്ചകള്‍ നടത്തി. 

എന്നാൽ അനുനയത്തിന്നിൽക്കാതെ പൂരം പിരിച്ചുവിട്ടതായി തിരുവമ്പാടി ദേവസ്വം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് ആരെയെങ്കിലും സഹായിക്കാനാണോ എന്ന സംശയമുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറയുന്ന എഡിജിപി പക്ഷെ ആരുടേയും പേരെടുത്ത് പറയുന്നില്ല. ഈ സാഹചര്യത്തിൽ പൂര അലങ്കോലപ്പെട്ടതിൽ ആസൂത്രീത നീക്കമെങ്കിൽ അത് പുറത്തുവരാൻ തുടര്‍ അന്വേഷണം അനിവാര്യമല്ലേയെന്നാണ് റിപ്പോർട്ടിനൊപ്പമുള്ള കത്തിൽ ഡിജിപി സർക്കാരിനോട് ചോദിക്കുന്നത്. സംഭവസ്ഥലത്തേക്ക് സുരേഷ് ഗോപിയെ വിളിച്ചത് ദേവസ്വം ഭാരവാഹികളാണെന്നും ഇതിന് തെളിവായി ടെലിഫോൺ രേഖകളും റിപ്പോര്‍ട്ടിലുണ്ട്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയുന്ന റിപ്പോർട്ടിൽ സ്വന്തം നിലപാടും എഡിജിപി ന്യായീകരിക്കുന്നുണ്ട്. വിവിധ മൊഴികളും തെളിവുകളും അനുസരിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഗൂഢാലോചനയിലേക്ക് റിപ്പോർട്ട് കടക്കുന്നില്ല. പൂരം അലങ്കോലപ്പെട്ടതിൽ സംശയം പ്രകടപ്പിക്കുന്നതിൽ വസ്തുത പുറത്തുകൊണ്ടുവരാൻ കേസെടുത്ത് മറ്റൊരു അന്വേഷണം സർക്കാർ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുകയാണ്.

Also Read: തൃശൂർ പൂരം കലക്കൽ; എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹം, അന്വേഷണ റിപ്പോർട്ടിനെതിരെ സിപിഐ

അതേസമയം, അന്വേഷണ റിപ്പോര്‍ട്ടില്‍ സിപിഐ നിലപാട് കടുപ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കിയെന്നാണ് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം വിമര്‍ശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്നു. അന്വേഷണ റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിൽ അടക്കം ദുരൂഹതയുണ്ടെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

YouTube video player

അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ടി എന്‍ പ്രതാപനും രംഗത്തെത്തി. ദേവസ്വങ്ങളെ പരിചാരുന്ന റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു. എഡിജിപി സ്വയം വെള്ളപൂളി കള്ള റിപ്പോര്‍ട്ട് നല്‍കി. പൂരപ്പറമ്പില്‍ വച്ച് ഈ വ്യാജ റിപ്പോര്‍ട്ട് കത്തിക്കുമെന്ന് പ്രതാപന്‍ പറഞ്ഞു. അതേസമയം, പൂരം കലങ്ങിയെന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ കുറ്റക്കാർ ആരെന്ന് മുൻകൂട്ടി പറയുന്നത് ശരിയല്ലെന്നും എല്‍ഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇന്ന് റിപ്പോർട്ട് പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ടി പി രാമകൃഷ്ണൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.