വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്

തൃശൂർ: തൃശൂർ പൂരത്തിന്‍റെ (Thrissur Pooram) സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം രാവിലെ തുടങ്ങും. പൂരത്തിൽ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദർശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദർശനം റവന്യൂ മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്യും. പാറമേക്കാവിന്‍റെ ചമയപ്രദർശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നാളെയും പ്രദർശനമുണ്ടാവും. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ നാളെ പ്രദർശനം കാണാൻ എത്തും.

ശക്തന്‍റെ തട്ടകത്തിൽ പൂരം കൊടിയേറി; ആളും ആരവവുമായി, പത്തിന് തൃശൂർ പൂരം

ഈ മാസം നാലാം തിയതിയായിരുന്നു ശക്തന്‍റെ തട്ടകത്തിൽ പൂരം കൊടിയേറിയത്. ആദ്യം പാറമേക്കാവിലും, തുടര്‍ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റ് നടന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ നടന്നു. നാലാം തിയതി രാവിലെ ഒമ്പതേ മുക്കാലോടെ പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്. പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി പൂജിച്ച കൊടിക്കൂറ പാണി അകമ്പടിയിൽ കൊടിമരത്തിലുയര്‍ത്തി. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടി. പിന്നാലെ തിരുവമ്പാടിയിലും പൂരം കൊടിയേറി. ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തി. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തി.

പങ്കാളികളായ 8 ഘടകക്ഷേത്രങ്ങളിലും കൊടിയേറും.കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് പെരുവനത്തിന്‍റെ നേതൃത്വത്തിൽ പാണ്ടി കൊട്ടി കൊക്കർണ്ണിയിൽ ആറാടി തിരികെയെത്തി. ബ്രഹ്മസ്വം മഠത്തിലായിരുന്നു തിരുവമ്പാടി ഭവതിയുടെ ആറാട്ട്. മെയ് 10നാണ് തൃശൂർ പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വ‍ർഷം പൂരപ്രേമികള്‍ക്ക് പൂര നഗരയിൽ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ അറിയിച്ചിരുന്നു.

പ്രൗഢ​ഗംഭീര പൂരത്തിന് കാത്ത് തൃശ്ശൂർ; നഗരത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തം, 5000 പൊലീസിനെ വിന്യസിക്കും

തൃശൂര്‍ പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 5000 പൊലീസുകാരെ പൂര നാളുകളില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കാൻ കഴിഞ്ഞ ആഴ്ച ചേർന്ന പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമായി. മുൻവര്‍ഷങ്ങളിൽ പൂര നാളുകളില് ഏതാണ്ട് 10 ലക്ഷം ആളുകളാണ് പൂരനഗരിയിലെത്തിയിരുന്നത്. രണ്ടു വര്‍ഷത്തെ കൊവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം പൂരം നടക്കുമ്പോള്‍ 40 ശതമാനം അധികം ആളുകള്‍ എത്തുമെന്നാണ് ഇൻറലിജൻസ് റിപ്പോര്‍ട്ട്. ഇത് കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കുന്നത്. തിരക്ക് കൂടുന്ന ഇടങ്ങളിലെല്ലാം പൊലീസിനെ വിന്യസിക്കും. പൂരനാളുകളിൽ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കും. തൃശൂര്‍ റൗണ്ടിലെ അപകടനിലയിലുള്ള കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ കയറിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇവിടെ പൊലീസ് സുരക്ഷയും ഉറപ്പാക്കും. റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും നിർദേശമുണ്ട്.