തിരുവനന്തപുരം: കേരളത്തെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ തന്നെ രേഖപ്പെടുത്തുന്ന തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അതിനാൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്നില്ലെന്നുമാണ് തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എആർഎൻ മീഡിയ ആരോപിച്ചിരിക്കുന്നത്. 

കോപ്പിറൈറ്റ് പ്രശ്നം ഉള്ളതിനാൽ ഫെയ്‌സ്ബുക്കിൽ ലൈവായി വീഡിയോ പ്രദർശിപ്പിക്കുമ്പോൾ തന്നെ ഇത് ഫെയ്സ്ബുക്ക് ബ്ലോക്കാക്കുമെന്നും പിന്നീട് ദിവസങ്ങൾ കഴിഞ്ഞേ ഇത് ബ്ലോക്ക് നീക്കി കിട്ടുകയുള്ളൂവെന്നുമാണ് എആർഎൻ മീഡിയ ഫെയ്സ്ബുക്കിൽ ആരോപിച്ചിരിക്കുന്നത്. പെരുവനം ആറാട്ടുപ്പുഴ പൂരത്തിനും ഇതു തന്നെ ആയിരുന്നു അവസ്ഥയെന്നും അവർ കുറിച്ചിട്ടുണ്ട്. നാല് ദിവസം മുൻപ് കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങിനെ,

പ്രിയ ARN കൂട്ടുകാരെ,

ഈ വർഷം തൃശ്ശൂർ പൂരം ARN LIVE ഉണ്ടായിരിക്കുന്നതല്ല....

കാരണങ്ങൾ
1. സാമ്പത്തികം
2. കോപിറൈറ്റ് പ്രശ്നങ്ങൾ

സാമ്പത്തികം - ഈ കഴിഞ്ഞ പെരുവനം ആറാട്ടുപുഴ പൂരങ്ങൾ കടം ആണ് ഇപ്പോഴും ലൈവ് ചെയ്തതിന് ..... പൂരത്തിലെ മേളങ്ങൾ എല്ലാം സോണി മ്യൂസിക് റസൂൽ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറിയിൽ കൂടി കോപിറൈറ്റ് എടുത്തിരിക്കാണ് ..... അതു കൊണ്ട് പരസ്യവരുമാനം കിട്ടില്ല .... പരസ്യം തന്നെ കിട്ടില്ല..... മാത്രമല്ല ഫേസ്ബുക്കിൽ ലൈവ് നടന്ന് കൊണ്ടിരിക്കെ തന്നെ ഫേസ്ബുക്ക് 'ലൈവ് ബ്ലോക്കാക്കും (ആറാട്ടുപുഴ മേളം ലൈവ് വിട്ടപ്പോൾ ഉണ്ടായ അനുഭവം) 
പിന്നെ ലൈവ് വിടാൻ പറ്റുന്നത് യുടുബിൽ മാത്രം നല്ല ക്വാളിറ്റിയിൽ വിടാൻ പറ്റും... എന്നാൽ അതിലും പരസ്യവരുമാനം കിട്ടുകയുമില്ല..... ചുരുക്കി പറഞ്ഞാൽ സ്വന്തം കൈയിൽ നിന്ന് അല്ലെങ്കിൽ കടം വേടിച്ച് ലൈവ് ചെയ്ത് അതിൽ നിന്ന് തിരിച്ചൊന്നും കിട്ടില്ല.... കൂടുതൽ കടക്കെണിയിലേക്ക് ARN ചെന്ന് പെടും.... പെരുവനം ആറാട്ടുപ്പുഴ പൂരത്തിനും ഇതു തന്നെ ആയിരുന്നു അവസ്ഥ .... ഒരു പാട് പേർ സഹായിക്കാമെന്ന് പറഞ്ഞിരുന്നു.... ഒരാൾ മാത്രമെ സഹായിച്ചുള്ളു.... മിച്ചം കടം കൂടി.... ഇതു ARN ന്റ മാത്രം അവസ്ഥ അല്ല. ഓൺലൈനിൽ ആര് ലൈവ് ചെയ്താലും ഇതു തന്നെ സ്ഥിതി.-- 
എആർഎൻ മീഡിയ അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

ഇതിനെ പിന്തുണച്ച് 'അവസാനം പൂരവും സായിപ്പിന് വിറ്റു' എന്ന തലക്കെട്ടോടെയാണ് വിപിൻ വിജയ് എന്ന വ്യക്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. "സ്വന്തം നാട്ടിലെ വേലയും പൂരവും ഒക്കെ ഇനി ഫേസ്ബുക്കിൽ അല്ലെങ്കിൽ യൂട്യൂബിൽ ഒക്കെ കാണാൻ പറ്റാതെ ആവും . കോപ്പി റൈറ്റ് വയലേഷൻ എന്ന പേരിൽ വിഡിയോകൾ ബ്ലോക്ക് ചെയ്യപ്പെടും," എന്ന് വിപിൻ വിജയ് എന്ന വ്യക്തി ഫെയ്സ്ബുക്കിൽ പറയുന്നുണ്ട്. "ഇനീപ്പോ കേരളത്തിന്റെ സ്വന്തം പഞ്ചാരിയും , പഞ്ചവാദ്യവും ഒക്കെ വീഡിയോ കാണണമെങ്കിൽ സോണി മ്യൂസിക് കനിയണം എന്ന അവസ്ഥയിലേക്കാണ് പോവുന്നത് .കോപ്പി റൈറ്റ് എടുക്കാൻ ഈ പറയുന്ന വാദ്യമേളങ്ങൾ ഒന്നും ഇവന്മാരുടെ സൃഷ്ടി അല്ല," എന്നും വിപിൻ വിജയ് കുറിച്ചിട്ടുണ്ട്.